കോഴിക്കോട്: ജനുവരി രണ്ടാം തീയതി ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോടുണ്ടായ സംഘര്‍ഷത്തില്‍ സ്വീകരിച്ച നടപടിക്രമങ്ങളെ ചൊല്ലി സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരേ സേനയ്ക്കുള്ളില്‍ പടയൊരുക്കം. വലിയ അക്രമം ഉണ്ടാവും എന്നറിഞ്ഞിട്ടും സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ പോലീസ് വിന്യാസത്തിലടക്കം വേണ്ടത്ര ജാഗ്രത കാണിച്ചില്ല എന്ന തരത്തിലുള്ള ആരോപണമാണ് വരുന്നത്. 

ആസുത്രണങ്ങള്‍ വന്‍ പരാജയമായിരുന്നുവെന്നും ഉത്തരേന്ത്യയിലേത് പോലുള്ള അക്രമത്തിന് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് വഴിയൊരുക്കിയത് കമ്മീഷണറുടെ നടപടിയായിരുന്നുവെന്നുമാണ് സേനാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു സിറ്റി പോലീസ് കമ്മീഷര്‍ ഒരുക്കിയ ബന്തവസ്സെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയടക്കം ആരോപണം.  നടപടിയുണ്ടാവുമെന്നറിഞ്ഞിട്ടും പറയേണ്ടത് പറയുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു കഴിഞ്ഞു.

അതേസമയം കമ്മീഷണറുടെ  സുരക്ഷ ഒരുക്കുന്നതിലെ വീഴ്ച രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സ്പെഷല്‍ബ്രാഞ്ച് വിഭാഗം കമ്മീഷണറുടെ കീഴിലായതാണ് കാരണമെന്നാണറിയുന്നത്. ഇതുസംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. പ്രതിഷേധക്കാരേയും  വ്യാപാരികള്‍ക്ക് അനുകൂലമായി രംഗത്തെത്തിയവരേയും മിഠായിതെരുവിനുള്ളിലേക്ക് പ്രവേശിപ്പിച്ചത് ഗുരുതര വീഴ്ചയായാണ് മിഠായിതെരുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരും സിറ്റിയിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥരും വിലയിരുത്തുന്നത്. ഇതാണ് മിഠായിതെരുവില്‍ മണിക്കൂറോളം അക്രമത്തിന് വഴിയൊരുക്കിയത്. 

ഹര്‍ത്താലിന് മുമ്പേ തന്നെ ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. കോഴിക്കോട് സിറ്റിയില്‍ ആക്രമണമുണ്ടാവുമെന്നും ജാഗ്രതപാലിക്കണമെന്നും ഇന്റലജിന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. എന്നാല്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്താന്‍ കമ്മീഷണര്‍ തയാറായിരുന്നില്ലെന്നാണ് ആരോപണം. പകരം സാധാരണ ഹര്‍ത്താലുകളില്‍ സ്വീകരിച്ചു വരുന്ന അതേ നിലപാടും പോലീസ് വിന്യാസവുമാണ് ഈ ഹര്‍ത്താലിലും സ്വീകരിച്ചത്.

ഹര്‍ത്താലില്‍ വനിതാ പോലീസുള്‍പ്പെടെ 16 പേര്‍ക്കായിരുന്നു പരിക്കേറ്റത്. രണ്ട് എസ്.ഐ.മാരും 11 സിവില്‍ പോലീസ് ഓഫീസര്‍മാരും  ഒരു ഗ്രേഡ് എ.എസ്.ഐയും ഒരു സീനിയര്‍ സിവില്‍പോലീസ് ഓഫീസറും ഒരു വനിതാ പോലീസുമാണ്‌ ചികിത്സയിലുള്ളത്. ടൗണ്‍ എസ്.ഐ ദേവദാസ്, ഫറോക്ക് എസ്.ഐ അനില്‍കുമാര്‍, നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അഷ്‌റഫ്, എ.ആര്‍ ക്യാമ്പിലെ (ഡി.എച്ച്ക്യു) ഗ്രേഡ് എഎസ്‌ഐ മനോജ്കുമാര്‍ , സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയേഷ്, കണ്ണന്‍, ബിനീഷ്, ചിനാര്‍, അരുണ്‍, മുനീര്‍, മിജീഷ്, ശ്യാംജിത്ത്, സിറ്റി ട്രാഫിക് പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, ധനീഷ്, കസബ പോലീസിലെ സജേഷ്, വനിതാ സി.പി.ഒ ഷിജില എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Content Highlights:Police Officers Criticizes District Police Chief Oversabarimala  Karmasamithi Harthal at Kozhikode