കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ സിജി വിജയന്‍ എന്ന വനിതാ ഉദ്യോഗസ്ഥയാണ് മൊഴി നല്‍കിയത്. 

നേരത്തെ പുറത്തുവന്ന സ്വപ്‌നയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി പരാമര്‍ശമുണ്ടായിരുന്നു. ഈ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ സംഘത്തോടാണ് സ്വപ്‌നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരി മൊഴി നല്‍കിയിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ സ്വപ്‌ന ഉണ്ടായിരുന്നപ്പോള്‍ അവരുടെ സുരക്ഷാ ചുമതലയായിരുന്നു സിജി വിജയന് ഉണ്ടായിരുന്നത്. സ്വപ്‌നയെ ചോദ്യംചെയ്യുന്ന സമയത്തൊക്കെ താന്‍ അടുത്തുണ്ടായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യംചെയ്യലിനിടയില്‍ സ്വപ്‌നയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും പോലീസുകാരിയുടെ മൊഴിയില്‍ പറയുന്നു. രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനാണ് സ്വപ്‌നയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. 

കൂടാതെ, നേരത്തെ പുറത്തുവന്ന ശബ്ദരേഖ സ്വപ്‌നയുടേതുതന്നെയാണെന്നും ശബ്ദരേഖയില്‍ പറയുന്നു. താനല്ല ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത്. സ്വപ്‌നയുമായി ബന്ധമുള്ള ആള്‍ക്കാര്‍ അവരെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ആ സമയത്ത് താന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മാറിനില്‍ക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്തായിരിക്കാം കോള്‍ റെക്കോര്‍ഡ് ചെയ്തതെന്നും അവര്‍ പറയുന്നു.

Content Highlights: Police officer said that the officers forced Swapna to name CM