കുട്ടമ്പുഴ: കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിനിടയില്‍ കൂടി അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന പോലീസിന്റെ വീഡിയോയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ തരംഗമാകുന്നത്. കസ്റ്റഡി പീഡനത്തിന്റെയും കേസന്വേഷണങ്ങളിലെ വീഴ്ചയുടെയും പേരില്‍ പഴികേള്‍ക്കുമ്പോഴും നന്മവറ്റാത്തവര്‍ ഇനിയുമേറെ കേരളാ പോലീസിലുണ്ടെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
കോതമംഗലം മേഖലയിലെ മണികണ്ഠന്‍ ചാലില്‍ നിന്നുള്ളതാണ് മൊബൈലില്‍ കഴിഞ്ഞ ശനിയാഴ്ച ചിത്രീകരിച്ചതെന്നു കരുതുന്ന വീഡിയോ പ്രചരിക്കുന്നത്. കുത്തിയൊഴുകുന്ന പൂയംകുട്ടി പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന ചപ്പാത്ത് മലവെള്ളപ്പാച്ചിലില്‍ മുങ്ങിയതോടെ മണികണ്ഠന്‍ചാല്‍, കല്ലേലിമേട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ പൊലീസ് എത്തിയാണ് രാവിലെ കടത്തിവിട്ടത്. രാവിലെ പത്തുമണിയോടെ പുഴയുടെ വലതുകരയില്‍ കുടുങ്ങിയ പൊലീസ് ജീപ്പ് ഉച്ചയോടെ സാഹസികമായാണു മറുകര എത്തിക്കുവാനായത്.
പോലീസ് വാഹനത്തില്‍ തമിഴ് നാട്ടിലേക്ക് പോകാനുള്ളവരെയും അത്യാവശ്യമായി ചപ്പാത്തു കടക്കേണ്ടവരെയും കൊണ്ട് പോലീസ് ഡ്രൈവര്‍ അഭിലാഷ് സാഹസികമായി മലവെള്ളം കുത്തിയൊലിക്കുന്ന ചപ്പാത്തു മറികടക്കുകയായിരുന്നു. കുട്ടമ്പുഴ സ്വദേശികൂടിയാണ് അഭിലാഷ്. പത്തു ബസുകള്‍ സര്‍വീസ് നടത്തുന്ന ഇവിടെ ശനിയാഴ്ചയും ഞായാറാഴ്ചയുമായി രണ്ടു വിവാഹപാര്‍ട്ടികള്‍ അടക്കം നൂറുകണക്കിനാളുകള്‍ ഇരുകരകളിലുമായി കുടുങ്ങി കിടക്കുകയായിരുന്നു.
വെള്ളമൊന്നിറങ്ങിയപ്പോള്‍ ധൈര്യമുള്ള ചിലര്‍ മറുകരകണ്ടു. മറ്റുള്ളവരെ പോലീസെത്തിയാണ് അക്കരെയെത്തിച്ചത്. പൂയംകുട്ടിയില്‍ വെള്ളമുയര്‍ന്നതിനാല്‍ ബ്ലാവന കടവിലെ കടത്തു സര്‍വീസ് നിര്‍ത്തിവെച്ചതോടെ ആദിവാസി ഊരുകളും ഒറ്റപ്പെട്ടിട്ടുണ്ട്. അതിനിടെ മലവെള്ളത്തില്‍ ഒഴുകി വരുന്ന വലിയ മരത്തടികള്‍ ഇടിച്ച ചപ്പാത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടെന്നും പുതിയ പാലം വേണമെന്നും ആവശ്യമുയരുന്നുണ്ട്.