.jpg?$p=9815a1a&f=16x10&w=856&q=0.8)
അപകടത്തിൽ മരിച്ച ശരത്തിന്റെ മൃതദേഹത്തിനു മുന്നിൽ തൃക്കാക്കര സി.ഐ. ആർ. ഷാബുവിന്റെ നേതൃത്വത്തിൽ പോലീസുകാർ സല്യൂട്ടടിക്കുന്നു. പിറകിൽ ശരത്ത് ജോലിചെയ്ത സ്ഥാപനവും കാണാം/ ശരത്ത്
കാക്കനാട്: ഇത്രയുംനാളും തങ്ങള്‍ അനുസരണയോടെയും സ്നേഹത്തോടെയും തലകുനിച്ചുനിന്ന ആ സാധാരണക്കാരനു മുന്നില്‍ തൃക്കാക്കരയിലെ ഉന്നത പോലീസുകാരുള്‍പ്പെടെ ഒരിക്കല്‍ക്കൂടി തലകുനിച്ചു, ഒപ്പം ഉള്ളില്‍ത്തട്ടിയൊരു സല്യൂട്ടും. എന്നാല്‍, കാക്കിയിട്ടവരുടെ ആ സല്യൂട്ട് കാണാന്‍ ആ സാധാരണക്കാരന് ജീവനോ ആത്മാവോ ഇല്ലായിരുന്നു.
തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള പോലീസുകാരുടെയെല്ലാം മുടി വര്‍ഷങ്ങളായി വെട്ടിയൊതുക്കിയിരുന്ന ശരത്ത് എന്ന യുവാവിന്റെ മൃതദേഹമാണ് ചേതനയറ്റ് അവര്‍ക്കു മുന്നില്‍ കിടന്നത്. തിങ്കളാഴ്ച രാത്രി നിലംപതിഞ്ഞിമുകള്‍ റോഡിലുണ്ടായ ബൈക്കപകടത്തില്‍ ജീവന്‍പൊലിഞ്ഞ തുതിയൂര്‍ കുന്നത്തുചിറ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന് കെ.എസ്. ശരത്തിന്റെ (25) വിയോഗത്തോടെ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നഷ്ടമായത് തങ്ങളുടെ ഇഷ്ടങ്ങളറിഞ്ഞ് മുടിവെട്ടിയിരുന്ന ബാര്‍ബറെയാണ്.
തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.വി. ബേബി, സി.ഐ. ആര്. ഷാബു, എസ്.ഐ.മാര്‍ ഉള്‍പ്പെടെ ഉന്നതരും സ്റ്റേഷനിലെ മിക്ക പോലീസുകാരും മുടിവെട്ടാനെത്തിയിരുന്നത് സ്റ്റേഷന് തൊട്ടടുത്തുതന്നെ പ്രവര്‍ത്തിക്കുന്ന 'മാന്‍ഹുഡ്' എന്ന ജെന്റ്സ് ബ്യൂട്ടിപാര്‍ലറിലായിരുന്നു. ആറുവര്‍ഷമായി ഇവിടെ ജോലിചെയ്യുകയായിരുന്ന ശരത്ത്, തന്റെ ഇടപെടലുകള്‍കൊണ്ട് പോലീസുകാരെയും മറ്റു ഉപഭോക്താക്കളെയും ഒരുപോലെ ആകര്‍ഷിച്ചു.
എല്ലാവരുമായും ആത്മബന്ധം സൂക്ഷിക്കാനും ഈ 25-കാരനു സാധിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് അവസാനമായി താന്‍ ജോലിചെയ്ത സ്ഥാപനത്തിലേക്ക് ആംബുലന്‍സില്‍ ശരത്തിന്റെ ഭൗതിക ശരീരം എത്തിച്ചപ്പോള്‍ തൃക്കാക്കര സി.ഐ., എസ്.ഐ.മാരായ എന്‍.എ. റഫീഖ്, റോയ് കെ. പുന്നൂസ് തുടങ്ങിയ പോലീസുകാരെത്തി അന്തിമോപചാരമര്‍പ്പിച്ചത്. പോലീസുകാരുടെതായി പുഷ്പചക്രവും സമര്‍പ്പിച്ചു.
അടുത്തിടെയാണ് ശരത്ത് പുതിയ ബൈക്ക് വാങ്ങിയത്. ഈ ബൈക്കില്‍ സുഹൃത്തിനൊപ്പം ഫുട്ബാള്‍ കളിക്കാനായി പോകുമ്പോള്‍ കാക്കനാട്-നിലംപതിഞ്ഞിമുകള്‍ റോഡില്‍ ശാന്തിനഗറിന് സമീപം നിയന്ത്രണംവിട്ട് അടുത്തുള്ള വൈദ്യുതി തൂണിലും മതിലിലുമിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവെച്ചുതന്നെ ശരത്തിന്റെ ജീവന് നഷ്ടമായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്ത ശരത്തിന്റെ സുഹൃത്ത് ജൂഡ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..