പാലക്കാട്: ആദിവാസി യുവാക്കളെ പോലീസ് നിര്‍ബന്ധപൂര്‍വ്വം മൊട്ടയടിപ്പിച്ചതായി പരാതി. പാലക്കാട് മീനാക്ഷിപുരം എസ്‌ഐയ്‌ക്കെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐയെ സ്ഥലം മാറ്റി. സംഭവത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. പാലക്കാട് ജില്ലയിലെ അതിര്‍ത്തി മേഖലയായ മീനാക്ഷിപുരത്തിനടുത്ത് മൂലത്തറയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയതായിരുന്നു മൂലത്തറ സ്വദേശകളായ സഞ്ജയ്, നിധീഷ് എന്നിവരും ഇവരുടെ സുഹൃത്തായ യുവാവും. ഉത്സവസ്ഥലത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തില്‍ ഇവരുമുണ്ടായിരുന്നു. എന്നാല്‍ ഇവരല്ല പ്രശ്‌നക്കാരെന്ന് പോലീസിന് വ്യക്തമായെങ്കിലും നീട്ടിവളര്‍ത്തിയ മുടി മുറിച്ച ശേഷം വീട്ടില്‍ പോയാല്‍ മതിയെന്ന് എസ്‌ഐ നിര്‍ബന്ധം പിടിക്കുകയായിരുന്നെന്ന് യുവാക്കള്‍ പറയുന്നു.

നേര്‍ച്ചയുടെ ഭാഗമായാണ് മുടി നീട്ടിവളര്‍ത്തിയതെന്നും മുറിക്കാന്‍ പറ്റില്ലെന്നും പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല. മൊട്ടയടിക്കണമെന്ന് നിര്‍ബന്ധിച്ചു. തുടര്‍ന്ന് എസ്‌ഐ വിനോദും രണ്ട് പോലീസുകാരും ചേര്‍ന്ന് പോലീസ് ജീപ്പില്‍ ഇവരെ ബാര്‍ബര്‍ഷോപ്പില്‍ എത്തിച്ച് മൊട്ടയടിപ്പിക്കുകയായിരുന്നു എന്നാണ് യുവാക്കള്‍ പറയുന്നത്. 

പാലക്കാട് പോലീസ് മേധാവിക്ക് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇയാളെ കല്ലേക്കാട് എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. 48 മണിക്കൂറിനകം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്പിയോട് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Tonsure, police forcefully remove hair, palakkad