പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
കണ്ണൂര്‍: പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പോലീസ് സേവനങ്ങളെ വിട്ടുകൊടുക്കാമെന്ന നിയമത്തെച്ചൊല്ലി വിവാദം. പാനൂര്‍ മൊകേരിയിലെ ആഡംബര കല്യാണത്തിന് വീട്ടുകാര്‍ക്ക് ഗമകാണിക്കാന് നാലുപോലീസുകാരെ പണം ഈടാക്കി വിട്ടുകൊടുത്തത് വലിയ വിവാദമായിരുന്നു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍തന്നെ രൂക്ഷമായ ഭാഷയില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. സേവനംനല്കാന് നിയമങ്ങള്‍ ഉണ്ടെങ്കിലും കല്യാണത്തിനും മറ്റും വീട്ടുകാര്‍ക്ക് ഷോ കാണിക്കാനുള്ളതല്ല കേരളാ പോലീസ് എന്ന് വിമര്‍ശനം ഉയര്‍ന്നു. പാനൂരില്‍ ഇതേവീട്ടില് രണ്ടാംതവണയാണ് പണമടച്ച് പോലീസിനെ കൊണ്ടുപോയത്. പ്രശ്നം വിവാദമായതോടെ ഉത്തരവിട്ടവര്‍ തടിയൂരി.
കര്‍ണാടകത്തില്‍നിന്ന് വി.ഐ.പി. എത്തുന്നുണ്ടെന്ന് പറഞ്ഞാണ് വീട്ടുകാര്‍ പോലീസിനെ ആവശ്യപ്പെട്ടത്. അതിനായി സിവില്‍ പോലീസ് ഓഫീസര്‍ ഒന്നിന് 1400 രൂപവീതം ഈടാക്കിയാണ് സേവനം വിട്ടുകൊടുത്തത്. സംഭവം വിവാദമായതോടെ അഡീഷണല്‍ എസ്.പി. തന്നെ ചില ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്കി. പോലീസ് സേവനം എന്തിനായിരുന്നെന്ന് കൃത്യമായി അന്വേഷിക്കാതെയാണ് ഉത്തരവിട്ടത്.
സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍
കല്യാണവീട്ടിലെ ഡ്യൂട്ടിക്കെതിരേ പോലീസ് സംഘടനകള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവും വിവാദമായി.
നിയമപരമല്ലാത്ത ഒരു കാര്യത്തിനും പോലീസിനെ നിയോഗിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് പോലീസ് സംഘടനകള്‍. സ്വകാര്യ വ്യക്തിക്ക് സൗജന്യമായോ, പണം നല്കിക്കൊണ്ടോ പോലീസിനെ ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് കേരള പോലീസ് ആക്ട് സെക്ഷന്‍ 62(2)ല്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ സുരക്ഷ ആവശ്യമാണെങ്കില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ നിയോഗിക്കാം. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.
സി.ഐ.യ്ക്ക് പകല്‍ 3795, എസ്.ഐ.യ്ക്ക് 2560 രൂപ
പുതുക്കിയ നിരക്കനുസരിച്ച് സ്വകാര്യാവശ്യത്തിനും സിനിമാ ഷൂട്ടിങ്ങിനും പല ആഘോഷങ്ങള്‍ക്കും പോലീസിനെ വിട്ടുകൊടുക്കുമ്പോള്‍ പോലീസിന്റെ റാങ്കനുസരിച്ചാണ് നിരക്ക് ഈടാക്കുക
സി.ഐ.യ്ക്ക് പകല്‍ 3795 രൂപ, രാത്രി 4750 രൂപ
എസ്.ഐ.യ്ക്ക് പകല്‍ 2560, രാത്രി 4360
എ.എസ്.ഐ.യ്ക്ക് 1870, രാത്രി 2210
സിവില്‍ പോലീസ് ഓഫീസര്‍-പകല്‍ 700, രാത്രി 1040
പോലീസ് നായയെ ആവശ്യമുണ്ടെങ്കില്‍ 6950 രൂപ നല്‍കണം
വയര്‍ലസ് സെറ്റും കൊടുക്കും. ചാര്‍ജ് 2315 രൂപ
ഷൂട്ടിങ്ങിനോ മറ്റോ പോലീസ് സ്റ്റേഷന്‍തന്നെ വേണമെങ്കില്‍ ദിവസം 33,100 രൂപ
സ്വകാര്യ ആവശ്യത്തിന് വിരലടയാളവിദഗ്ധരുടെ സേവനം വേണ്ടിവന്നാല്‍ നിശ്ചിത സമയത്തേക്ക് 6070 രൂപ
ഫൊറന്‍സിക് ലബോറട്ടറി സേവനമാണെമെങ്കില് ഓരോ കേസിലും 12,130രൂപ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..