
പെൺകുട്ടി വീടിനു മുന്നിൽ സമരം ചെയ്യുന്നു (ഫയൽ ചിത്രം)
പത്തനംതിട്ട: തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടി വീടിന് മുറ്റത്തിരുന്ന് സമരം ചെയ്ത സംഭവത്തിൽ കേസെടുത്തു. നിരീക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് കേസ്. സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് വിവാദമായിരുന്നു.
പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരീക്ഷണത്തില്‍ ഉള്ള ആള് വീട്ടില്‍ ഒരു മുറിയില്‍ തന്നെ താമസിക്കണം. വീട്ടിലെ കുടുംബാംഗങ്ങളടക്കം ആരുമായും അടുത്തിടപഴകാന്‍ പാടില്ലെന്ന മാര്‍ഗ നിര്‍ദേശമാണ് പെണ്‍കുട്ടി തെറ്റിച്ചിരിക്കുന്നതെന്ന് പോലീസിന് നല്കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടി വീടിന് പുറത്തിറങ്ങി ആരോഗ്യപ്രവര്‍ത്തകരോടും കേസിന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരോടും ചില മാധ്യമപ്രവര്‍ത്തകരോടും സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പെണ്‍കുട്ടി നിര്‍ദേശ മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന റിപ്പോര്‍ട്ട് പോലീസിന് നല്‍കിയത്. തുടര്‍ന്നാണ് ഈ വിഷയത്തില്‍ കേസെടുത്തത്.
കോയമ്പത്തൂരില്‍ നിന്നും എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിച്ചു. കുട്ടിയുടെ അച്ഛന് നേരെ വധഭീഷണിയും ഉണ്ടായി. ഇത് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും ഇടപെടണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് പരാതി നല്‍കിയതിനു പിന്നാലെ ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായി. കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്കി. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി ശനിയാഴ്ച തണ്ണിത്തോട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.കേസിലെ പ്രതികളായ ആറ് പേരെയും സി.പി.എം. ജില്ലാ കമ്മിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ അമ്മയുടെ മൊഴി പോലീസ് മാറ്റിയെഴുതിയെന്നാരോപിച്ചാണ് പെണ്‍കുട്ടി സമരത്തിനൊരുങ്ങിയത്.യഥാര്‍ത്ഥ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു.
Content Highlights:Police filed case against Thannithode Girl, who is quarantined
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..