തെറ്റായ കുറ്റം രേഖപ്പെടുത്തി പോലീസ് നൽകിയ ചെലാൻ
ആലുവ: ബൈക്കില്‍ ആവശ്യത്തിന് ഇന്ധനമില്ലാത്തതിന് പോലീസ് പിഴചുമത്തി ചെലാന്‍ നല്‍കിയെന്ന സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. ചെലാന്‍ മെഷീനില്‍ കോഡ് തെറ്റായി രേഖപ്പെടുത്തിയതിനാലാണ് ചെലാന്‍ മാറിപ്പോയതെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു.
കുറിപ്പ് ഇങ്ങനെ: 22-ന് എടത്തല പോലീസ് സ്റ്റേഷന് പരിധിയിലെ പുക്കാട്ടുപടിയിലാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കില്‍ വണ്‍വേ തെറ്റിച്ചുവന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന് പിഴത്തുകയായ 250 രൂപ അടയ്ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ചെലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പര്‍ സെലക്ട് ചെയ്തപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയായിരുന്നു.
മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 46(2)ഇ ആണ് തെറ്റായി വന്നത്. പിഴയടച്ച യുവാവ് ചെലാനില്‍ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയതോടെ ചെലാന്‍ വാട്സാപ്പില്‍ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടിത് സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെ പോലീസ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അബദ്ധം മനസ്സിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
പിഴ ഉള്ളതാണോ..?പോലീസിന് തലവേദനയായി ചോദ്യം
ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് പിഴ നല്കിയ സംഭവത്തില്‍ വലഞ്ഞത് പോലീസുകാരും. ഇത്തരത്തില്‍ പിഴ ഉള്ളതാണോ എന്നറിയാന്‍ വാട്സാപ്പിലൂടെയും ഫോണിലൂടെയും പോലീസിനെ നിരവധി ആളുകളാണ് ബന്ധപ്പെട്ടത്. ഇതിന് മറുപടിപറഞ്ഞ് പോലീസും മടുത്തു. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 46(2)ഇ ആണ് ചെലാനില്‍ വന്ന കുറ്റകൃത്യം.
ടാക്സി ഉള്‍പ്പെടെയുള്ള പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ മതിയായ ഇന്ധനം കരുതാതിരിക്കുകയോ, യാത്രക്കാരുമായി ഇന്ധനമോ സി.എന്‍.ജി.യോ നിറയ്ക്കാന്‍ ഫ്യൂവല്‍ സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകുകയോ ചെയ്യുന്നതിനെതിരേ ചുമത്തുന്ന നിയമമാണിത്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിയമം രൂപവത്കരിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..