തിരുവനന്തപുരം: ദാസ്യവേല വിവാദത്തെ തുടര്‍ന്ന് പോലീസ് ഓഫീസര്‍മാര്‍ ക്യാമ്പ് ഫോളോവര്‍മാരെ മടക്കിത്തുടങ്ങി. ആകെയുള്ള 40 പേരില്‍ 10 പേരെ ക്യാമ്പുകളിലേക്ക് മടക്കി അയച്ചു. ഇതിനിടെ സംസ്ഥാനത്തെ ക്യാമ്പ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് അധികൃതര്‍ ആരംഭിച്ചു. ഡ്യൂട്ടി ക്രമം അറിയിക്കാനുള്ള ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടി. ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവില്‍ പറയുന്നത്.
കണക്കെടുപ്പ് നടന്നാല്‍ പ്രശ്‌നത്തില്‍ പെടുമെന്ന് കരുതിയാണ് ക്യാമ്പ് ഫോളോവര്‍മാരെ മടക്കി അയക്കുന്നത്. നിലവില്‍ എഡിജിപി,ഐജി, ജില്ലാ പോലീസ് മേധാവി, കമ്മീഷണര്‍ തുടങ്ങിയ ഉന്നത പോലീസ് മേധാവികളോടാണ് ക്യാമ്പ് ഫോളോവര്‍മാരുടെ പട്ടിക സമര്‍പ്പിക്കാന്‍ ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് ഡിജിപി നല്‍കിയത്. മാത്രമല്ല മന്ത്രിമാര്‍ക്ക് അടക്കം സുരക്ഷാ ചുമതലയില്‍ നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ വിവരങ്ങളും നല്‍കാന്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ദാസ്യവേലയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 2006 ലും പിന്നീട് 2015 ലും ഇറങ്ങിയ ഉത്തരവുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്യാമ്പ് ഫോളോവര്‍മാരെ ദാസ്യവേല ചെയ്യിക്കുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ അവരെ പിന്‍വലിക്കണമെന്നാണ് 2006 ല്‍ അന്നത്തെ ഡിജിപി രമണ്‍ ശ്രീവാസ്തവ ഉത്തരവിട്ടത്.
എന്നാല്‍ തുടര്‍ന്നും ഇത്തരം പ്രവണതകള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് 2015 ല്‍ ഡിജിപിയായിരുന്ന ടി.പി. സെന്‍കുമാര്‍ കര്‍ശന നടപടികള്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറക്കി. ക്യാമ്പ് ഫോളോവര്‍മാരെ ദാസ്യവേല ചെയ്യിച്ചാല്‍ അതിന് കൂട്ടു നില്‍ക്കുന്ന ക്യാമ്പ് കമാന്‍ഡന്റിനും പോലീസ് ഉദ്യോഗസ്ഥനുമെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സെന്‍കുമാറിന്റെ ഉത്തരവില്‍ പറയുന്നു. മാത്രമല്ല ദാസ്യവേലയ്ക്ക് നിയോഗിക്കപ്പെട്ട പോലീസുകാരന്റെ ശമ്പളം അതിന് കാരണക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇതൊന്നും തന്നെ നടപ്പിലായില്ല.