പമ്പ: ശബരിമല ദര്‍ശനത്തിന് കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജുവിന് അനുമതിയില്ല.

ഇവര്‍ക്കെതിരെ വിവിധ ജില്ലകളിലായി15 കേസുകള്‍ നിലവിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ മല കയറാന്‍ അനുവദിക്കാനാകൂ എന്ന് പോലീസ് മഞ്ജുവിനെ അറിയിച്ചു.

മോശം കാലാവസ്ഥയും സുരക്ഷാ കാരണങ്ങളും പോലീസ് മഞ്ജുവിനെ അറിയിച്ചിട്ടുണ്ട്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് മഞ്ജു. ഇവര്‍ക്ക് 38 വയസ്സുണ്ടെന്നാണ് സൂചന.

മഞ്ജുവിന്റെ പശ്ചാത്തലം വിശദമായി അന്വേഷിച്ച ശേഷം ശബരിമലയിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു. 

കനത്തമഴയായതിനാല്‍ ഇപ്പോള്‍ മഞ്ജുവിനെയും കൊണ്ട് മുകളിലേക്ക് പോകുന്നത് ദുഷ്‌കരമാണ്. കൂടാതെ പ്രതിഷേധത്തിനും സാധ്യതയുണ്ടെന്ന് ഐ ജി പറഞ്ഞു. ആറര വരെ ദര്‍ശനം നടത്താനുള്ള ഭക്തര്‍ നിലവില്‍ സന്നിധാനത്തുണ്ടെന്നും ഐ ജി കൂട്ടിച്ചേര്‍ത്തു. 

ശനിയാഴ്ച രണ്ടുമണിയോടെയാണ് മഞ്ജുവടക്കം രണ്ടു യുവതികളാണ് മല കയറാനെത്തിയത്. ഇതില്‍ ഒരാള്‍ പോലീസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം തിരിച്ചുപോകാന്‍ തയ്യാറായി. എന്നാല്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ മഞ്ജു ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ഇവരുടെ പശ്ചാത്തലം അന്വേഷിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് കടന്നത്. 

അതേസമയം മഞ്ജു മല കയറുന്നതിനെതിരെ നീലിമലയില്‍ ഭക്തര്‍ പ്രതിഷേധം നടത്തി.

വെള്ളിയാഴ്ച ആന്ധ്രയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും മലയാളി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും ക്ഷേത്രദര്‍ശനത്തിനു ശ്രമിച്ചിരുന്നു. എന്നാല്‍ നടപ്പന്തലില്‍ വരെയാണ് ഇവര്‍ക്ക് പോകാനായത്. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.

content highlights: police denies permsission for s p manju to enter sabarimla