തേഞ്ഞിപ്പലം: അപസ്മാരരോഗിയായ അഞ്ചുവയസ്സുള്ള മകളുടെ മരുന്ന് തീര്‍ന്ന കാര്യം സുഷിത പരിഭ്രാന്തിയോടെയാണ് വീട്ടില്‍ വിളിച്ചറിയിച്ചത്. മൈസൂരുവിലെ ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ട സുഷിതയ്ക്കും മകള്‍ക്കും പുറത്തുപോകാനോ മരുന്നെത്തിക്കാനോ ആരും സഹായത്തിനുണ്ടായിരുന്നില്ല.

പക്ഷേ, കേരള പോലീസിന്റെ കരുതല്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് നീണ്ടതോടെ സമയത്തിനുതന്നെ മരുന്നെത്തി. മകളുടെ ചികിത്സയ്ക്കായി മൈസൂരുവിലെ ഫ്‌ളാറ്റില്‍ കഴിയുന്ന ചേലേമ്പ്ര ഹാജ്യാര്‍വളവ് പട്ടയില്‍ കീരങ്ങാട്ട് ജിനീഷിന്റെ ഭാര്യ സുഷിതയ്ക്കാണ് വിവരമറിയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സഹായമെത്തിയത്.

ജിനീഷ് ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. ഇവരുടെ മകള്‍ ദേവനന്ദയ്ക്ക് അപസ്മാരരോഗത്തിന് മൈസൂരുവിലെ ആശുപത്രിയിലാണ് ചികിത്സ.

ഇതിനായി ഇവിടെ ഫ്‌ളാറ്റിലാണ് താമസം. ഇടയ്ക്കിടെ നാട്ടില്‍ പോകും. ലോക്ക്ഡൗണ്‍ സമയത്ത് ഇരുവരും അവിടെ അകപ്പെടുകയായിരുന്നു. വാഹനം ലഭിക്കാതെയും സഹായത്തിന് ആളില്ലാതെയും ബുദ്ധിമുട്ടുന്നതിനിടെയാണ് മകളുടെ മരുന്ന് കഴിഞ്ഞത്.

സുഷിത ഇക്കാര്യം ചേലേമ്പ്രയിലെ വീട്ടില്‍ അറിയിച്ചു. ബന്ധുവാണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ തേഞ്ഞിപ്പലം പോലീസില്‍ സഹായംതേടിയത്. സ്റ്റേഷനില്‍ ഫോണെടുത്തത് സിവില്‍ പോലീസ് ഓഫീസര്‍ എം. റഫീഖ് തേഞ്ഞിപ്പലമായിരുന്നു. സുഷിതയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷം തിരികെ വിളിക്കാമെന്നറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന റഫീഖിന് തന്റെ സഹപാഠിയും മൈസൂരുവില്‍ കച്ചവടക്കാരനുമായ ഷംസാദ് പുള്ളാട്ടിനെ ഓര്‍മവന്നു. മൈസൂരുവില്‍ താമസിക്കുന്ന എ.ആര്‍. നഗര്‍ സ്വദേശിയായ ഷംസാദിനെ ഉടനെ വിളിച്ചു.

സുഷിത വാട്സ്ആപ്പില്‍ അയച്ചുനല്‍കിയ മരുന്നുകുറിപ്പ് നല്‍കി. രണ്ടുമണിക്കൂറിനുള്ളില്‍ ഷംസാദ് അപസ്മാരത്തിനുള്ള ലെവിട്രാസെറ്റം എന്ന മരുന്ന് സുഷിതയുടെ കൈയിലെത്തിക്കുകയായിരുന്നു. മകളുടെ രക്ഷയ്ക്കായി സേവനംനല്‍കിയ പോലീസിനും മറ്റുള്ളവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സുഷിത എഴുതിയ വാട്സ്ആപ്പ് സന്ദേശം ഇപ്പോള്‍ പോലീസ് ഗ്രൂപ്പില്‍ വൈറലായി

Content Highlight; Police deliver medicines to  Epilepsy patient