സന്നിധാനം:  ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞ സംഭവത്തിൽ പോലീസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ നടതുറന്നതിന് ശേഷം യുവതികളെത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങളിലാണ് സന്നിധാനം പോലീസ് കേസെടുത്ത്. യുവതികളാണെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശികളായ മൂന്ന് സ്ത്രീകളെയാണ് സന്നിധാനത്ത് രാവിലെ തടഞ്ഞത്.

ചെറുമക്കള്‍ ഉള്‍പ്പടെയുള്ള സംഘത്തോടൊപ്പമാണ് സ്ത്രീകള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. വലിയ നടപ്പന്തലില്‍ വെച്ച് ഇവരെ ഭക്തര്‍ തടയുകയായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം ഇവര്‍ക്ക് 50 വയസ്സ് കഴിഞ്ഞതാണെന്ന പോലീസ് സ്ഥിരീകരണത്തില്‍ ഇവര്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. 

പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് സുരക്ഷയോടെയാണ് ഇവർ ദർശനം നടത്തിയത്. ആൾക്കൂട്ടത്തിൽപ്പെട്ട ഒരു സ്ത്രീക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തിരുന്നു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി.