തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് അടൂര്‍ പ്രകാശ് എം.പി.യ്‌ക്കെതിരെ പോലീസ് കേസ്. ആള്‍ക്കൂട്ടമുണ്ടാക്കി ഭക്ഷ്യ-ധാന്യകിറ്റ് വിതരണം ചെയ്തതിനാണ് പോലീസ് നടപടി. 

നെടുമങ്ങാട് കോടതിക്ക് മുന്നിലായി ലോയേഴ്‌സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭക്ഷ്യ-ധാന്യ കിറ്റ് വിതരണ ചടങ്ങില്‍ അടൂര്‍പ്രകാശ് എം.പി.യാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 

നൂറിലധികം പേര്‍ പങ്കെടുത്ത പരിപാടിയുടെ ഭാഗമായി ആള്‍ക്കൂട്ടമുണ്ടാക്കി ലോക്ക് ഡൗണ്‍ ലംഘിച്ചതിനാണ് അടൂര്‍ പ്രകാശിനെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തത്.  

പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അടൂര്‍ പ്രകാശ് എം.പി. മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

അതേസമയം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ലോക്ക് ഡൗണ്‍ ലംഘിച്ചു എന്ന പരാതിയില്‍ കേസ് എടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. പോത്തന്‍കോട് സ്‌റ്റേഷനു മുന്നില്‍ ഡി.സി.സി. പ്രവര്‍ത്തകര്‍ ഉപവാസം നടത്തുകയും രാജ്ഭവനും സെക്രട്ടറിയേറ്റിനും മുന്നില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു.

നിരവധി പേരെ പങ്കെടുപ്പിച്ച് മന്ത്രി പോത്തന്‍കോട് യു.പി. സ്‌കൂളില്‍ ദുരിതാശ്വാസ നിധി സമാഹരണം നടത്തി എന്നാണ് പരാതി. എന്നാല്‍, നിയന്ത്രണം ലംഘിച്ചിട്ടില്ലെന്നും പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വിദ്യാര്‍ഥികളായിട്ടും അധ്യാപകരായിട്ടും ആകെ പതിനഞ്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സമൂഹ അടുക്കളയില്‍ നിന്നിരുന്ന ആളുകള്‍ അവിടെ വന്നു നോക്കുന്നുണ്ടായിരുന്നു, അത്രയേ സംഭവിച്ചിട്ടുള്ളു - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

content highlight: police case charged over adoor prakash mp for violating lockdown rules