പമ്പ: കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പുലര്‍ച്ചെ ഒന്നരയ്ക്ക് പോലീസ് തടഞ്ഞുവെന്ന വാര്‍ത്ത തെറ്റാണെന്ന പോലീസ് വിശദീകരണം. 

മന്ത്രിയുടെ വാഹനമല്ല പോലീസ് തടഞ്ഞത്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനമാണ് പ്രക്ഷോഭകാരികള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് തടഞ്ഞത്. മൂന്ന് വാഹനങ്ങളാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. ഇതില്‍ അവസാന വാഹനം വൈകിയാണ് എത്തിയത്. അതിനാലാണ് സംശയത്തെത്തുടര്‍ന്ന് ആ വാഹനം തടഞ്ഞത്.വാഹനം തടഞ്ഞപ്പോൾ അതിലുണ്ടായിരുന്നവർ വിളിച്ചതനുസരിച്ച് കടന്നു പോയ മന്ത്രി തിരിച്ച് എത്തുകയായിരുന്നുവെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.

ആദ്യ വാഹനത്തിലാണ് മന്ത്രി ഉണ്ടായിരുന്നതെന്നും ആ വാഹനത്തിന് പോലീസ് എസ്കോർട്ട് ഉണ്ടായിരുന്നുവെന്നും എസ്.പി അറിയിച്ചു. 

മന്ത്രിക്ക് മാപ്പ് എഴുതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും കോട്ടയം എസ്.പി ഹരിശങ്കര്‍ അറിയിച്ചു. ചെക്ക് റിപ്പോർട്ടാണ് മന്ത്രിക്ക് നല്‍കിയതെന്നും മാപ്പുപേക്ഷ അല്ലെന്നും എസ്.പി അറിയിച്ചു. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പുലർച്ചെ പോലീസ് തടഞ്ഞു നിർത്തിയെന്നും അബദ്ധം മനസ്സിലാക്കി മാപ്പെഴുതിക്കൊടുത്തെന്നുമുള്ള വാർത്തകൾ വന്നതിനെത്തുടർന്നാണ് പോലീസ് വിശദീകരണം നൽകിയത്. 

content highlights: Police block union minister’s vehicle, pon radhakrishnan