തൃശ്ശൂര്‍: മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ പൊതിരെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് എത്തിയത്. പരാതിക്കാരിയുടെ വീട്ടിലെത്തിയ പോലീസ് രക്ഷിച്ചതാകട്ടെ ഭര്‍ത്താവിനെയും. ഒക്ടോബര്‍ 25ന് രാത്രി 11 മണിക്കാണ് പോലീസിന് പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ബാബുവും സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. ഗിരീഷും ഉടന്‍ സ്ഥലത്തേക്കു പോയി.

പോലീസുകാര്‍ അവിടെയെത്തുമ്പോള്‍ വീടിനുപുറത്ത് പോലീസിനെ കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഭര്‍ത്താവ് സ്ഥിരം മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ഉള്ളില്‍നിന്ന് പൂട്ടിയ മുറിയില്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. 

ഉടന്‍ പോലീസുദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പോലീസ് ജീപ്പില്‍ത്തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്. ഒരു മിനിറ്റെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ നഷ്ടമാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Content Highlights: police arrived on lady`s complaint against husband but rescues him in the end