thiefതിരൂര്‍: അന്‍പതോളം കേസുകളില്‍ പ്രതിയും ജനലിനിടയിലൂടെ ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് നിന്നും ആഭരണങ്ങള്‍ മോഷ്ടിക്കുന്നതില്‍ വിദഗ്ധനായ കള്ളന്‍ പിടിയിലായി. മലപ്പുറം, എടവണ്ണ, ഒതായി സ്വദേശിയായ മോഷ്ടാവ് വെള്ളാട്ടുചോല റഷീദ്(46) ആണ് പിടിയിലായത്.

കല്‍പകഞ്ചേരി, കുറ്റിപ്പാലയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെയും മാതാവിന്റെയും സ്വര്‍ണാഭരണങ്ങള്‍ ജനലിനിടയിയൂടെ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങള്‍ വില്പന നടത്തി കിട്ടിയ പണം കൊണ്ട് ലോറി വാങ്ങി അതില്‍ പച്ചക്കറി കച്ചവടം നടത്തി ഒളിവില്‍ താമസിക്കവെയാണ് പറവൂരില്‍ നിന്നും ഇയാള്‍ പിടിയിലായത്. 

മോഷണം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്കോ തെക്കന്‍ ജില്ലകളിലേക്കോ ഒളിവില്‍ പോകുന്നതാണ് ഇയാളുടെ രീതി. തിരൂര്‍ ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിന്റെ നിര്‍ദ്ദേശത്തില്‍ കല്‍പകഞ്ചേരി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫ, എസ്‌ഐ പ്രിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, മണികണ്ഠന്‍, എഎസ്‌ഐ ജയപ്രകാശ്, രാജേഷ്, ബൈജു പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Police arrest notorious thief