പോലീസ്-അഭിഭാഷക തര്‍ക്കം മുറുകുന്നു; സേനയില്‍ കടുത്ത അമര്‍ഷം, അഭിഭാഷകരുടേത് വ്യാജ മൊഴി


Screengrab: Mathrubhumi News

കൊല്ലം: അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കത്തില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷം. രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും വ്യാജ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇത്തരം നടപടിയെടുക്കുന്നത് സേനയുടെ മനോവീര്യം തകര്‍ക്കുമെന്നുമാണ് പോലീസുകാരുടെ വാദം.

കൃത്യമായി ജോലിചെയ്ത ഉദ്യോഗസ്ഥര്‍ക്ക് നേരേ നടപടിയെടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് പോലീസുകാരുടെ നിലപാട്. ആരോപണവിധേയനായ കരുനാഗപ്പള്ളി എസ്.എച്ച്.ഒ. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. പിറ്റേദിവസം രാവിലെയാണ് എസ്.എച്ച്.ഒ. സ്റ്റേഷനിലെത്തിയത്. മാത്രമല്ല, എസ്.എച്ച്.ഒ. അഭിഭാഷകനെ മര്‍ദിക്കുന്നത് കണ്ടതായി രണ്ട് അഭിഭാഷകര്‍ നല്‍കിയ മൊഴി കള്ളമാണെന്നും പോലീസുകാര്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ മൊഴി നല്‍കിയ രണ്ട് അഭിഭാഷകരും കരുനാഗപ്പള്ളിയില്‍ ഇല്ലായിരുന്നുവെന്നും ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മണ്‍റോതുരുത്തിലായിരുന്നുവെന്നും പോലീസ് പറയുന്നു.

കസ്റ്റഡിയിലെടുത്ത അഭിഭാഷകന്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ അഭിഭാഷകന്‍ പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും മര്‍ദിക്കാന്‍ ശ്രമിച്ചതായും ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടെന്നും പോലീസ് പറയുന്നു.

കഴിഞ്ഞദിവസം നിയമമന്ത്രിയും അഭിഭാഷകരും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്തത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി അഭിഭാഷകര്‍ക്ക് ഉറപ്പുനല്‍കി. ഇതോടെയാണ് അഭിഭാഷകര്‍ തുടര്‍ന്നുവന്നിരുന്ന കോടതിബഹിഷ്‌കരണം പിന്‍വലിച്ചത്.

കരുനാഗപ്പള്ളിയില്‍ അഭിഭാഷകന്‍ എസ്.ജയകുമാറിനെ പോലീസ് ലോക്കപ്പിലിട്ട് മര്‍ദിച്ചെന്നായിരുന്നു അഭിഭാഷകരുടെ പരാതി. അഞ്ചിനായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ച് ഗതാഗത തടസ്സമുണ്ടാക്കിയെന്നു കാണിച്ചായിരുന്നു അറസ്റ്റ്. മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ വൈദ്യപരിശോധന നടത്താതെ അഭിഭാഷകനെ വിലങ്ങുവെച്ച് ലോക്കപ്പിലടയ്ക്കുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകര്‍ സെപ്റ്റംബര്‍ 12 മുതല്‍ കോടതി ബഹിഷ്‌കരണസമരം തുടങ്ങിയത്.

കൊല്ലം സിവില്‍ സ്റ്റേഷനില്‍ സമരത്തിനിടെ പോലീസ് വാഹനം തകര്‍ത്തതും ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 65 പേര്‍ക്കെതിരേ കൊല്ലം വെസ്റ്റ് പോലീസും കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ സാന്നിധ്യത്തില്‍ 14-ന് ചര്‍ച്ച നടന്നിരുന്നു. ആരോപണവിധേയരെ ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്താമെന്നും അന്വേഷണച്ചുമതല ഡി.ഐ.ജി. നിശാന്തിനിയെ ഏല്‍പ്പിക്കാമെന്നുമായിരുന്നു ധാരണ. എന്നാല്‍ ഈ നിര്‍ദേശം ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി തള്ളിക്കളഞ്ഞു.

സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയില്ല

കൊല്ലം: അഭിഭാഷകനെ മര്‍ദിച്ച കേസില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവ് ചൊവ്വാഴ്ച രാത്രിയും ഇറങ്ങിയില്ല. പോലീസ് ഉന്നതരുടെ എതിര്‍പ്പാണ് കാരണമെന്നാണ് സൂചന. നിയമമന്ത്രിയാണ് അഭിഭാഷകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിടാന്‍ പോലീസിലെ ഉന്നതര്‍ വിസമ്മതിച്ചു. സര്‍ക്കാര്‍ ഉത്തരവിറക്കട്ടെയെന്ന നിലപാടിലാണ് പോലീസ്.

Content Highlights: police and lawyers clash in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented