തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി പരാമര്‍ശത്തെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

ശിവന്‍കുട്ടി രാജിവെച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ദേവസ്വം ബോര്‍ഡ് ജംങ്ഷനില്‍ പോലീസ് ബാരിക്കേട് കെട്ടി അടച്ചിരുന്നു. ഇത് മറികടന്ന് മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.

ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിലേക്കുള്ള റോഡില്‍ ഇരുന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമൊടുവിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റിയത്. അറസ്റ്റ് നടക്കുന്ന വേളയിലും ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.

Content Highlights: police action against KSU march demanding V Shivankutti`s resignation