പത്തനംതിട്ട: പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോന്നിയിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച 31കാരനും സമീപവാസിയുമായ വിഷ്ണുവിനെ ജൂലായില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം.

പെണ്‍കുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടില്‍ താമസം. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്ക് പോയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്.

പുലര്‍ച്ചെ പിതാവ് ജോലിക്ക് പോകാനായി ഉണര്‍ന്നപ്പോള്‍ ലൈറ്റ് ഇട്ടത് പെണ്‍കുട്ടിയാണെന്നും ഇതിനുശേഷം വീണ്ടും ഉറങ്ങാന്‍ പോയിരുന്നുവെന്നും മുത്തശ്ശി മൊഴി നല്‍കി. പിന്നീട് എട്ടു മണിയോടെ വീണ്ടും ഉറക്കമുണര്‍ന്നശേഷം പെണ്‍കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടില്ല.

ഒടുവില്‍ വീടിന്റെ അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും മുത്തശ്ശി പറയുന്നു. കോന്നി പോലീസ് സ്ഥലത്തെത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Pocso case victim committed suicide