കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ അധ്യാപകനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍. കോഴിക്കോട് ഹിമായത്തൂല്‍ സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെ ബോട്ടണി അധ്യാപകന്‍ പി.കൃഷ്ണനെതിരേ സമരവുമായി രംഗത്തെത്തിയത്.
അധ്യാപകനെതിരേ ഒരുമാസം മുമ്പായിരുന്നു വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി അധ്യാപകന്‍ വിദ്യാര്‍ഥിനികളോട് ഇത്തരത്തില്‍ പെരുമാറുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ആവശ്യമില്ലാതെ ലാബിലേക്കും മറ്റും വിളിച്ച് വരുത്തുന്നുവെന്നും വസ്ത്രങ്ങള്‍ മാറുന്നിടത്തേക്ക് വരാറുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് സിറ്റിപോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പക്ഷെ പരാതി നല്‍കിയിട്ടും സ്‌കൂളിലെ ഭൂരിഭാഗം അധ്യാപകരും ആരോപണ വിധേയനായ അധ്യാപകന് അനുകൂലമായി വന്നതോടെയാണ് സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.
വിദ്യാര്‍ഥികനികള്‍ കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും അധ്യാപകന്‍ ഒളിവിലായിരുന്നു. ഇതിന് പുറമെ മാനേജ്മെന്റ് അധ്യാപകനെ സസ്പെന്റ് ചെയ്തു. പോലീസ് ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ പിടികൂടാനായിട്ടില്ല. തുടര്‍ന്നാണ് അധ്യാപകനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ഒരു ദിവസത്തെ ഉപവാസ സമരത്തില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ അടക്കമുള്ള നിരവധി പേര്‍ പിന്തുണയുമായും എത്തിയിരുന്നു.
content highlights: POCSO case accuse teacher should be arrested, students protests