പി.എം.എ സലാം.ഫോട്ടോ:മാതൃഭൂമി
സി.പി.എം സമ്മേളനങ്ങള്‍ സജീവമാവുകയാണ് സംസ്ഥാനത്ത്. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കംകുറിച്ചുകഴിഞ്ഞു, പലയിടങ്ങളിലും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാര്യമായ വിഭാഗീയ പ്രശ്‌നങ്ങളില്ലാതെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ട് എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.
രണ്ടാം തവണയും ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ആരംഭിച്ച സമ്മേളനങ്ങളിലെല്ലാം പ്രധാന ചര്‍ച്ച യു.ഡി.എഫിനെ ഇനി കേരളം കാണിക്കാതിരിക്കുന്നതിനുള്ള രാഷ്ട്രീയ പദ്ധതികളാണ്. ബി.ജെ.പി സജീവമാകുന്നുണ്ടെങ്കിലും അടുത്തകാലത്തൊന്നും അവര്‍ തങ്ങള്‍ക്ക് ഭീഷണിയാവില്ലെന്ന കണക്കുകൂട്ടല്‍ തന്നെയാണ് പാര്‍ട്ടിക്കുമുള്ളത്. അതുകൊണ്ടുതന്നെ സി.പി.എം നിലവില്‍ ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുന്നത് ലീഗിലെ അസംതൃപ്തരായ ഇടതുമനസ്സുകള്‍ക്കാണ്, പ്രത്യേകിച്ച് മലബാറില്‍.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇടതിനല്ലാത സാധിക്കില്ലെന്ന പ്രചാരണം കൂടുതല്‍ ശക്തമാക്കണമെന്നാണ് താഴേത്തട്ടില്‍ പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. സി.പി.എമ്മിന്റെ മനസ്സിലിരിപ്പ് നടക്കാന്‍ പോവുന്നില്ലെന്നും പ്രവര്‍ത്തകരെ അടര്‍ത്തിയെടുക്കാന്‍ അവര്‍ കാലങ്ങളായി ശ്രമിക്കുന്നതാണെന്നും ലീഗ് മറുപടി നല്‍കുന്നുണ്ടെങ്കിലും ജാഗ്രത വേണമെന്ന വിലയിരുത്തല്‍ തന്നെയാണ് ലീഗ് നേതൃത്വത്തിനുള്ളത്. മുസ്‌ലിം ലീഗ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം സംസാരിക്കുന്നു.
ലീഗിലെ അസംതൃപ്തര്‍
ലീഗിലെ അസംതൃപ്തര്‍ എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം സി.പി.എം പറയുന്നുണ്ടെങ്കിലും ഒരാളെ പോലും അവര്‍ക്ക് ഇന്ന് വരെ അവരുടെയൊപ്പം ചേര്‍ക്കാനായിട്ടില്ല. മാത്രമല്ല, അങ്ങനെയൊരു അസംതൃപ്ത വിഭാഗം പാര്‍ട്ടിയില്‍ ഇല്ല. സി.പി.എം സമ്മേളനങ്ങളിലാണ് അടി നടക്കുന്നത്. ബ്രാഞ്ച്, ലോക്കല്‍, സമ്മേളനങ്ങളും ഏരിയാ സമ്മേളനങ്ങളും പൂര്‍ത്തിയാകുമ്പോള്‍ അതാണ് വ്യക്തമാവുന്നത്. ഇത് ഇനിയും തുടരുകയും ചെയ്യും. ലീഗുകാരെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുക്കാമെന്നത് സി.പി.എം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. സി.പി.എമ്മില്‍ നിന്നാണ് ലീഗിലേക്കാണ് ആളുകള്‍ വരുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷ ഇടതില്‍ നിന്നാണെന്ന് പറയുന്ന സി.പി.എം ന്യൂന പക്ഷ വോട്ടിന്റെ ബലത്തില്‍ അധികാരത്തില്‍ കയറിയിട്ട് അവരെ ചതിക്കുകയാണ്. എന്‍.ആര്‍.സി, സി.ആര്‍.സി കേസുകള്‍ അധികാരത്തില്‍ എത്തിയാല്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ് ഭരണത്തിലേറിയ മുഖ്യമന്ത്രി ഇപ്പോള്‍ എന്താണ് ചെയ്യുന്നത്. കേസില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ യൂത്ത് ലീഗ് അടക്കം പിരിവെടുക്കുകയാണ്.
ന്യൂനപക്ഷങ്ങളുടെ രക്ഷകര്‍ സി.പി.എം മാത്രമാണെന്നാണല്ലോ പ്രചാരണം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ കുറച്ച് വോട്ടുകള്‍ അവര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ വോട്ട് കൊടുത്തല്ലോ എന്ന അവസ്ഥയിലാണ് വോട്ട് ചെയ്തവരെല്ലാമുള്ളത്. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ന്യൂനപക്ഷത്തിന്റെ ഒരു വോട്ട് പോലും ഇടതുപക്ഷത്തിന് കിട്ടില്ല. മുസ്ലീം വൈരാഗ്യമാണ് ഇടതിനുള്ളത്. അതിന്റെ ഭാഗമായാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് എടുത്തുമാറ്റിയത്. വഖഫ് ബോര്‍ഡ് നിയമനമടക്കം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍ കാലങ്ങളില്‍ അനുവദിച്ചിരുന്ന അവകാശങ്ങളെല്ലാം ദിവസേന എടുത്തുകളയുകയാണ്. ഇത് സംഘപരിവാറും സി.പി.എമ്മും തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ സഹായം കൊണ്ട് അവര്‍ക്ക് കുറെ സീറ്റുകള്‍ കിട്ടിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരേ കടന്നുകയറുന്നത്. ഇത് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹരിത വിഷയമടക്കം ഉന്നയിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലീഗില്‍ രക്ഷയില്ല എന്ന തരത്തിലുള്ള പ്രചാരണമാണ് സി.പി.എം നടത്തുന്നത്
ആരാണ് പെണ്‍കുട്ടികള്‍ക്ക് രക്ഷ നല്‍കിയതെന്ന് ഇടതുപക്ഷത്തിന്റെ മുന്‍ നിലപാടില്‍ നിന്നും വ്യക്തമാവും. ഒരിക്കല്‍ പെണ്‍കുട്ടിക്ക് രക്ഷ നല്‍കിയ എ.കെ. ശശീന്ദ്രന്‍ ഇന്ന് ഇടത് മന്ത്രിയും മറ്റൊരിക്കല്‍ പെണ്‍കുട്ടിക്ക് രക്ഷ നല്‍കിയ പി.കെ. ശശി ഇന്ന് അവരുടെ മറ്റൊരു പ്രമുഖ നേതാവുമാണ്. സി.പി.എമ്മില്‍ നിന്ന് രക്ഷ കിട്ടിയ അനുപമ ഇപ്പോഴും സമരം തുടരുന്നുണ്ട്. ഇങ്ങനെ ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്ക് സി.പി.എമ്മില്‍ നിന്ന് വലിയ രീതിയില്‍ രക്ഷ കിട്ടുന്നുണ്ട്. ഹരിതയുടെ പേരില്‍ എത്രകാലം അവര്‍ക്ക് സത്യം മറച്ച് വെക്കാന്‍ കഴിയും. ഇക്കാര്യം പറഞ്ഞൊന്നും അവര്‍ക്ക് സ്ത്രീകളെയും പെണ്‍കുട്ടികളേയും ഇടതിനോട് അടുപ്പിക്കാന്‍ കഴിയില്ല. പുതിയ ഹരിത കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്. അവര്‍ ആദ്യം സംഘടിപ്പിച്ച പരിപാടിയിലെത്തിയ പെണ്‍കുട്ടികളെ സി.പി.എമ്മിലെ ആരെങ്കിലും വന്ന് കണ്ടിരുന്നുവെങ്കില്‍ സി.പി.എമ്മിന് ഒന്നും പറയാനുണ്ടാവുമായിരുന്നില്ല. അത്ര വലിയ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.
സി.പി.എമ്മിന് പുറമെ കോണ്‍ഗ്രസും കാഡര്‍ സ്വഭാവത്തിലേക്ക് പോവുകയാണ് ലീഗും ഇതേ മാതൃക പിന്തുടരുമോ
കോണ്‍ഗ്രസിന്റെ മാറ്റം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അവര്‍ കൂടുതല്‍ കാര്യക്ഷമമാവുന്നത് മുന്നണിക്ക് ഗുണകരമാവും. ഇതേ രീതിയിലേക്ക് ലീഗും മാറി കഴിഞ്ഞിട്ടുണ്ട്. താഴേത്തട്ടുമുതലുള്ള പ്രവര്‍ത്തനങ്ങളെല്ലാം ശക്തമാക്കിയിട്ടുണ്ട്. നിയമസഭാ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഗൗരവം ഉള്‍ക്കൊണ്ട് തിരിച്ചുവരാനുള്ള ശക്തമായ നയപരിപാടികള്‍ എപ്പോഴെ തുടങ്ങിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് വ്യാമോഹം കൊണ്ടൊന്നും ലീഗില്‍ നിന്ന് ആളെ എത്തിക്കാന്‍ സി.പി.എമ്മിന് കഴിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..