തിരുവനന്തപുരം: സുരക്ഷാ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും ഉദ്ഘാടന വേദിയിലിരിക്കാന്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടി വന്നത് പ്രതിഷേധാര്‍ഹമായ നടപടിയാണ്. ഇതില്‍ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം അറിയിക്കുന്നവെന്നും എം എം ഹസ്സന്‍ അറിയിച്ചു.

'പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തത് രാഷ്ട്രീയ പ്രേരിത തീരുമാനമാണ്.ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവിനെ വേദിയിലിരുത്തിയാലും ഇല്ലെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കെപിസിസി തീരുമാനിച്ചിട്ടില്ല', എം എം ഹസ്സന്‍ പറയുന്നു.

ഇന്ന് എറണാംകുളത്ത് എം എല്‍ എമാരുടെയും എംപിമാരുടെയും യോഗം ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസില്‍ വിളിച്ചിട്ടുണ്ടെന്നും ഹസ്സന്‍ അറിയിച്ചു.