കായംകുളം: ശിശുദിനത്തോടനുബന്ധിച്ച് അംഗനവാടി കുട്ടികള്‍ നടത്തിയ റാലിയില്‍ നെഹ്‌റുവിന്റെ ചിത്രമില്ലാത്ത ബാനറിനെ ചൊല്ലി തര്‍ക്കം. കായംകുളത്ത് 34-ാം വാര്‍ഡിലെ അംഗനവാടി സംഘടിപ്പിച്ച ശിശുദിന റാലിയിലുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ബാനറില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രം മാത്രം ആലേഖനം ചെയ്യുകയും നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് വാര്‍ഡ് കൗണ്‍സിലറും കുട്ടികളുടെ മാതാപിതാക്കളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. 34-ാം വാര്‍ഡ് കൗണ്‍സിലറും ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ഡി. അശ്വനിദേവുമായാണ് തര്‍ക്കമുണ്ടായത്.

വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലായിരുന്നു ശിശുദിന റാലിക്കാവശ്യമായ ബാനറും പ്ലക്കാര്‍ഡുകളും തയ്യാറാക്കിയത്. റാലിയുടെ മുന്‍പില്‍ പിടിക്കുന്നതിനുള്ള ബാനറില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉണ്ടായിരുന്നു. എന്നാല്‍ നെഹ്‌റുവിന്റെ ചിത്രം പ്രിന്റ് ചെയ്തിരുന്നില്ല. വ്യാഴാഴ്ച രാവിലെ റാലി ആരംഭിക്കാനൊരുങ്ങുമ്പോഴാണ് ഇക്കാര്യം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയില്‍പ്പെട്ടത്.

ശിശുദിന റാലി ആരുടെ പേരിലാണോ നടത്തുന്നത് അയാളുടെ ചിത്രം ബാനറില്‍ ഇല്ലാതിരിക്കുന്നത് ശരിയല്ലെന്ന് സിപിഎം പ്രവര്‍ത്തകരും രക്ഷിതാക്കളും നിലപാടെടുത്തു. എന്നാല്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലെങ്കില്‍ റാലി നടത്തേണ്ടെന്നായിരുന്നു കൗണ്‍സിലറുടെ നിലപാട്.

പ്രധാനമന്തിയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ എതിര്‍പ്പില്ലെന്നും, എന്നാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കരുതെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ബാനറില്‍ നെഹ്‌റുവിന്റെ ചിത്രം ഒട്ടിച്ചു ചേര്‍ത്താണ് റാലി നടത്തിയത്.

Content Highlights: PM replaces Nehru in children's day banner, parents protest