കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി പ്രാർഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കുംവേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂരിലെ ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെ ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളത്തിലായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.  

ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനൊപ്പം ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോദൃശ്യവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

രാവിലെ 10.25-ഓടെയാണ് പ്രധാനമന്ത്രിയുടെ ക്ഷേത്രദര്‍ശനം ആരംഭിച്ചത്. ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കിഴക്കേഗോപുരകവാടത്തില്‍ കീഴ്ശാന്തിമാര്‍ പൂര്‍ണകുംഭം നല്‍കി എതിരേറ്റു.

അരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചിലവഴിച്ച അദ്ദേഹം ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം വഴിപാടും നടത്തി.  കണ്ണനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിച്ചു. കദളിക്കുലയും മഞ്ഞപ്പട്ടും നെയ്യും സമര്‍പ്പിച്ചു.  

ഇത് രണ്ടാംതവണയാണ് നരേന്ദ്രമോദി ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. നേരത്തെ 2008-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഗുരുവായൂരിലെത്തിയിരുന്നു.

Content Highlights: PM Narendra Modi's Tweet About Guruvayur Temple Visit