ഗുരുവായൂര്‍: ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. രാവിലെ 9.55-ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡില്‍ ഇറങ്ങിയത്. ബി.ജെ.പി. നേതാക്കളും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ക്ഷേത്രദര്‍ശനത്തിനായി എത്തിയ അദ്ദേഹം മുണ്ട് ഉടുത്താണ് ഗുരുവായൂരിലെത്തിയത്. 

ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷമാണ് അദ്ദേഹം ക്ഷേത്രദര്‍ശനം ആരംഭിച്ചത്.  ക്ഷേത്രം കിഴക്കേഗോപുരകവാടത്തില്‍ ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി എതിരേറ്റു രാവിലെ 11.10 വരെയാണ് അദ്ദേഹം ദര്‍ശനം നടത്തുക. ഏകദേശം ഒരു മണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തില്‍ ചെലവഴിക്കും. ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. 

കണ്ണനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിക്കും. കദളിക്കുലയും മഞ്ഞപ്പട്ടും നെയ്യും സമര്‍പ്പിക്കും.
ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം വഴിപാടും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തില്‍നിന്ന് മടങ്ങുക. ഗുരുവായൂര്‍ ക്ഷേത്രവികസന പദ്ധതി ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. 2008-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് നരേന്ദ്രമോദി നേരത്തെ ഗുരുവായൂരിലെത്തിയത്. 

ദര്‍ശനത്തിനുശേഷം വീണ്ടും ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തുന്ന അദ്ദേഹം  11.25-ന് ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്തെ സമ്മേളനത്തില്‍ സംബന്ധിക്കും. ബി.ജെ.പി. സംസ്ഥാനസമിതിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ഹെലിക്യാമും ഡ്രോണും ഉപയോഗിക്കരുത്

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡ് പരിസരത്തും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹാങ് ഗ്ലൈഡേഴ്സ്, റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ടവിമാനം, ഹെലിക്യാം, ഡ്രോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ഒമ്പതുമുതല്‍ ദര്‍ശനനിയന്ത്രണം

പ്രധാനമന്ത്രിയുടെ ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ ദര്‍ശനനിയന്ത്രണമുണ്ടാകും. പത്തുമുതല്‍ 11.10 വരെയാണ് പ്രധാനമന്ത്രിയുടെ ദര്‍ശനസമയം. 11.30-ന് ഉച്ചപ്പൂജയ്ക്ക് ക്ഷേത്രനടയടയ്ക്കും. അതിനിടയിലുള്ള 20 മിനിറ്റ് ഭക്തര്‍ക്ക് പ്രവേശനമുണ്ടാകുമോയെന്ന് ഉറപ്പില്ല. 11.30-ന് ഉച്ചപ്പൂജയ്ക്ക് അടച്ചാല്‍ 12.15- നാണ് തുറക്കുക. അതുകൊണ്ട് രാവിലെ ഒമ്പതിനുമുമ്പോ 12.15-ന് ശേഷമോ ദര്‍ശനം നടത്തുന്നതായിരിക്കും ഉചിതമെന്ന് ദേവസ്വം അറിയിച്ചു.

Content Highlights: PM Narendra Modi Departed from Kochi To Guruvayur