ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ മുന്നറിയിപ്പ്. 

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും രാജ്യതാല്പര്യം മുന്നില്‍വേണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നയതന്ത്രത്തിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങരുത്. നിലവിലെ പ്രതിസന്ധി വലുതാക്കരുതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേണല്‍ ബി സന്തോഷ് ബാബുവിനും മറ്റു ജവാന്മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിന് അനുസരിച്ച് പ്രധാനമന്ത്രിയും സര്‍ക്കാരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണം. 

പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അനുവദിക്കരുത്. അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. പലരീതിയില്‍ സംസാരിക്കുന്നത് രാജതാല്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്‍മോഹന്‍സിങ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സര്‍വക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമിറക്കിയിരുന്നു. പ്രസ്താവന ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് വിശദീകരണക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ലഡാക്കില്‍ നിയന്ത്രണരേഖയ്ക്കു തൊട്ടപ്പുറത്ത് ചൈന ചില നിര്‍മാണങ്ങള്‍ നടത്തുകയും അതില്‍നിന്ന് പിന്മാറാതിരിക്കുകയും ചെയ്തതുകൊണ്ടാണ് സംഘര്‍ഷം ഉണ്ടായതെന്ന് പി.എം.ഒ. വ്യക്തമാക്കി. 

''യഥാര്‍ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ഏതുശ്രമവും ശക്തമായി നേരിടും. അത്തരം ശ്രമങ്ങള്‍ മുന്‍കാലങ്ങളില്‍ അവഗണിക്കപ്പെട്ടതില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശക്തമായ തിരിച്ചടി നല്‍കാറുണ്ട്. ചൈനയുടെ സൈനികര്‍ വളരെക്കൂടുതലുണ്ടായിരുന്നു. അതിനു സമാനമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. നിയന്ത്രണരേഖയ്ക്ക് തൊട്ടപ്പുറം നടത്തുന്ന നിര്‍മാണത്തില്‍നിന്ന് ചൈന പിന്മാറാത്തതുകൊണ്ടാണ് ജൂണ്‍ 15-ന് സംഘര്‍ഷം നടന്നത്'' -പി.എം.ഒ. വിശദീകരിച്ചു.

ചൈനയുടെ ആക്രമണത്തിനുമുന്നില്‍ ഇന്ത്യന്‍പ്രദേശം പ്രധാനമന്ത്രി അടിയറവെച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ആദ്യം വിമര്‍ശനമുന്നയിച്ചത്. സ്ഥലം ചൈനയുടേതാണെങ്കില്‍, എന്തുകൊണ്ടാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്നും എവിടെയാണവര്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍ ചോദിച്ചു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം എന്നിവരും സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു.

Content Highlights: PM must Be Mindful Of Implications Of Words: Manmohan Singh