കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ സുരക്ഷയ്ക്കായി  കോഴിക്കോട് എത്തുന്നത് 2000 പോലീസുദ്യോഗസ്ഥര്‍. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പോലീസ് ഉദ്യേഗസ്ഥരാണ് ജില്ലയിലെത്തിക്കൊണ്ടിരിക്കുന്നത്. പത്ത് എസ്.പിമാരുടെ നേതൃത്വത്തില്‍ അഞ്ച് അഡീഷണല്‍ എസ്.പിമാര്‍, 30 ഡിവൈ.എസ്.പിമാര്‍, 100 സി.ഐമാര്‍, 1700 പോലീസ് ഉദ്യോഗസ്ഥര്‍, 150 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സുരക്ഷക്കെത്തുന്നത്. 

ഹൂബ്ലിയില്‍ നിന്നും വൈകുന്നേരം 6.10 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 6.40 ഓടെ ബീച്ചിലെത്തും. ബീച്ചിലെ പരിപാടിക്ക് ശേഷം 7.30ന് മധുരയിലേക്ക് തിരിക്കും. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എന്‍.ഡി.എ നേതാക്കളുടെ പ്രത്യേക പരിപാടിക്കാണ് കോഴിക്കോട് കടപ്പുറത്ത് പ്രധാന മന്ത്രിയെത്തുന്നത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എന്‍.ഡി.എ നേതാക്കളെയും സ്ഥാനാര്‍ഥികളേയും പങ്കെടുപ്പിച്ച് വിപുലമായ പരിപാടിക്കാണ് എന്‍.ഡി.എ നേതൃത്വം വെള്ളിയാഴ്ച ലക്ഷ്യമിടുന്നത്.    

ഗതാഗത നിയന്ത്രണം
സുരക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നഗരത്തില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി, വടകര, പേരാമ്പ്ര, ഉള്ള്യേരി ഭാഗത്തുനിന്നും പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്ന് നിന്ന് തിരിഞ്ഞ് എരഞ്ഞിക്കല്‍ വഴി പാവങ്ങാട് എത്തി വലത്തോട്ട് തിരിഞ്ഞ് വെങ്ങാലി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴി പടിഞ്ഞാറുവശം റോഡിലൂടെ പുതിയാപ്പ ബീച്ചില്‍ പ്രവേശിക്കണം. ഗാന്ധിറോഡ് ജങ്ഷന് 200 മീറ്റര്‍ മുമ്പ് ആളെ ഇറക്കി വാഹനങ്ങള്‍ നോര്‍ത്ത് ബീച്ച് ഭാഗത്താണ് പാര്‍ക്ക് ചെയ്യേണ്ടത്. പ്രവര്‍ത്തകര്‍ പണിക്കര്‍ റോഡ്, വെള്ളയില്‍ റോഡ് വഴി മൂന്നാലുങ്കല്‍ എത്തി പടിഞ്ഞാറ്് സൗത്ത് ബീച്ചിലേക്കും പ്രവേശിക്കണം.

മലപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര, മീഞ്ചന്ത, കല്ലായ്, പുഷ്പ ജങ്ഷനില്‍ എത്തി ഫ്രാന്‍സിസ് റോഡ് വഴി വലിയങ്ങാടി ജങ്ഷനില്‍ പ്രവര്‍ത്തകരെ ഇറക്കണം. സൗത്ത് ബീച്ച് ഭാഗത്ത് കോതിപാലം റോഡില്‍ പ്രവേശിച്ച് റോഡിന്റെ പടിഞ്ഞാറുവശമാണിവര്‍ പാര്‍ക്ക് ചെയ്യേണ്ടത്.

താമരശ്ശേരി, മുക്കം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മലാപ്പറമ്പ് വഴി എരഞ്ഞിപ്പാലത്ത് എത്തി വലത്തോട്ട് തിരിഞ്ഞ് കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, വെസ്റ്റ് ഹില്‍, വരയ്ക്കല്‍ റോഡ് വഴി ബീച്ചില്‍ എത്തി ഗാന്ധിറോഡ് ജങ്ഷന് 100 മീറ്റര്‍മുമ്പ് ആളെ ഇറക്കി നോര്‍ത്ത് ബീച്ച് ഭാഗത്ത് പാര്‍ക്കുചെയ്യണം.

മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ തൊണ്ടയാട്, മലാപ്പറമ്പ്, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, വെസ്റ്റ് ഹില്‍, വരയ്ക്കല്‍ റോഡ് വഴി ബീച്ചില്‍ എത്തി ഗാന്ധിറോഡ് ജങ്ഷനില്‍നിന്ന് 100 മീറ്റര്‍മുമ്പ് ആളെ ഇറക്കി നോര്‍ത്ത് ബീച്ച് ഭാഗത്തേക്ക് പാര്‍ക്കുചെയ്യണം.

ബാലുശ്ശേരി, കാക്കൂര്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ വേങ്ങേരി, കരിക്കാംകുളം, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, വെസ്റ്റ്ഹില്‍, വരയ്ക്കല്‍ വഴി ബീച്ചില്‍ എത്തി ഗാന്ധിറോഡ് ജങ്ഷന് 100 മീറ്റര്‍മുമ്പ് ആളെ ഇറക്കി നോര്‍ത്ത് ബീച്ച് ഭാഗത്ത് പാര്‍ക്ക് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Content highlights: PM Modi will visit kozhikode on Friday evening, security arrangenemnts, traffic restrictions