150 അംഗ ദൗത്യസംഘം, രണ്ട് കുങ്കിയാനകള്‍, കാട്ടില്‍ 'ആനയോട്ടം'; ഭീതിവിതച്ച അരിശിരാജയെ ഒടുവില്‍ പൂട്ടി


നാട്ടിലിറങ്ങി ഭീതിവിതച്ച പി.എം-ടു എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടി തളച്ചപ്പോൾ | ഫോട്ടോ: എം.വി. സിനോജ്

സുല്‍ത്താന്‍ബത്തേരി: നാട്ടിലിറങ്ങി ഭീതിവിതച്ച അരിശി രാജ എന്ന പി.എം-ടു മോഴയാനയെ ഒടുവില്‍ വനപാലകര്‍ പൂട്ടി. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ പ്രത്യേക ദൗത്യസംഘം പി.എം. ടുവിനെ മയക്കുവെടിവെച്ചു.

കഴിഞ്ഞ ദിവസം മയക്കുവെടിവെച്ച് കുങ്കിയാനപ്പടയുമായി പിടികൂടാനെത്തിയ വനപാലകര്‍ക്ക് മുന്നില്‍ മറ്റൊരു കാട്ടുകൊമ്പന്‍ കവചമായി നിന്നപ്പോള്‍ ശ്രമം പരാജയപ്പെട്ട് പിന്‍മാറേണ്ടിവന്നിരുന്നു. വിരണ്ടോടിയും ആക്രമണ ഭീഷണിയുയര്‍ത്തിയും ഈ കാട്ടാനകള്‍ പിടികൊടുക്കാതെ വനപാലകരെ ഞായറാഴ്ച ഒരു പകല്‍മുഴുവന്‍ വനത്തിലൂടെ ചുറ്റിച്ചു.

തിങ്കളാഴ്ച രാവിലെ ആര്‍ആര്‍ടി റെയ്ഞ്ച് ഓഫീസിന് പിന്‍വശത്തുള്ള വനമേഖലയില്‍വെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. മയക്കുവെടിവെച്ച് അര മണിക്കൂറാകും ആന മയങ്ങാനെന്ന് വനപാലകര്‍ അറിയിച്ചു. ശേഷം വാഹനത്തില്‍ കയറ്റി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജെസിബി ഉപയോഗിച്ച് പാതയൊരുക്കിയാണ് ആനയെ കയറ്റാനുള്ള വാഹനം വനപ്രദേശത്തേക്ക് പോകുന്നത്.

ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഗൂഡല്ലൂരിലെ കൊലയാളിയായ പി.എം-ടു എന്ന മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി കേരള വനംവകുപ്പിന്റെ ദൗത്യം ആരംഭിച്ചത്.

കാട്ടില്‍ 'ആനയോട്ടം'

ആനയെ പലതവണ കണ്‍മുന്നില്‍ കിട്ടിയെങ്കിലും ഞായറാഴ്ച മയക്കുവെടിവെക്കുന്നതിനുള്ള സാഹചര്യം ഒത്തുകിട്ടിയിരുന്നില്ല. വനപാലകര്‍ക്ക് മുന്നില്‍നിന്നും ഒളിച്ചുകളിച്ച മോഴയും കൊമ്പനും പൊന്തക്കാടുകള്‍ക്കിടയിലും കൊല്ലിയിലുമായിട്ടായിരുന്നു വിഹരിച്ചിരുന്നത്. ഇടയ്ക്ക് ഈ സംഘത്തിലേക്ക് ഒരുപിടിയാനയും എത്തി. തങ്ങളെ പിന്തുടര്‍ന്ന വനപാലകരെ അക്രമിക്കാനായി കൊമ്പന്‍ മുതിര്‍ന്നെങ്കിലും വനപാലകര്‍ക്കൊപ്പമുണ്ടായിരുന്ന കുങ്കിയാനകളെ കണ്ട് ഭയന്ന് പിന്തിരിഞ്ഞു.

കാട്ടിനുള്ളിലെ കുന്നും കുണ്ടും കയറിയിറങ്ങിയ ആനകള്‍ക്ക് പിന്നാലെ വനപാലകരും വെച്ചുപിടിച്ചെങ്കിലും അതിനെക്കാള്‍ വേഗത്തില്‍ ആനകള്‍ മറുവഴി തിരിച്ചിറങ്ങി. രാവിലെ കട്ടയാട് മണല്‍വയല്‍ ഭാഗത്തുനിന്ന് സഞ്ചാരം തുടങ്ങിയ ആനകള്‍ ഉച്ചയോടെ മുണ്ടന്‍കൊല്ലി വനഭാഗത്തെത്തി. എന്നാല്‍, വനപാലകരുടെ സാന്നിധ്യം വിട്ടൊഴിയാതായതോടെ ഇവിടെനിന്നും നീങ്ങിയ ആനകള്‍ വൈകുന്നേരത്തോടെ തേന്‍കുഴി മേഖലയിലെത്തിനില്‍ക്കുകയാണ്. സമയം വൈകിയതോടെ വൈകുന്നേരം 5.15-ഓടെ ആനയെ പിടികൂടുന്നതിനുള്ള ശ്രമം താത്കാലികമായി അവസാനിപ്പിച്ച്, ദൗത്യസംഘം തിരിച്ച് കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെത്തി. ആനയെ നിരീക്ഷിക്കുന്നതിനും ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയുന്നതിനുമായി രാത്രി വനാതിര്‍ത്തി മേഖലകളില്‍ വനപാലകര്‍ ക്യാമ്പ് ചെയ്തിരുന്നു. ദൗത്യം തിങ്കളാഴ്ച രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു.

പിടികൂടാന്‍ 150 പേര്‍, രണ്ട് കുങ്കിയാനകള്‍

ജില്ലയുടെ വിവിധ ഡിവിഷനുകളിലെയും ആര്‍.ആര്‍.ടി.യിലേയുമടക്കം 150-ഓളം വനപാലകരാണ് ദൗത്യത്തില്‍ പങ്കെടുത്തത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം. ഞായറാഴ്ച രാവിലെ 6.30-ഓടെതന്നെ മുഴുവന്‍ ജീവനക്കാരും കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെത്തി. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, എ.സി.എഫ്. ജയിംസ് മാത്യു, സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്ന, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ എന്നിവരായിരുന്നു ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

ഏഴുമണിയോടെ ജീവനക്കാരെ വിവിധ സംഘങ്ങളായി തിരിച്ചശേഷം, ഓരോ സംഘത്തിനും പ്രത്യേകം നിര്‍ദേശങ്ങള്‍നല്‍കി. ഞായറാഴ്ച രാവിലെ 7.15-ഓടെ കാട്ടാനയെ കണ്ടെത്തുന്നതിനുള്ള ട്രാക്കിങ് ടീമാണ് ആദ്യം പുറപ്പെട്ടത്. ഇവര്‍ക്ക് പിന്നാലെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള മയക്കുവെടി സംഘവും കുങ്കിയാനപ്പടയും കാട്ടിലേക്ക് നീങ്ങി. ഇവര്‍ക്ക് സഹായത്തിനായി ജീവനക്കാരുടെ മറ്റ് സംഘങ്ങളും പിന്നാലെയെത്തി. വയനാടിന്റെ നോഡല്‍ ഓഫീസറായ സി.സി.എഫ്. കെ.എസ്. ദീപ, പാലക്കാട് സി.സി.എഫ്. മുഹമ്മദ് ഷബാബ് എന്നിവര്‍ രാവിലെ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി കുപ്പാടിയിലെത്തിയിരുന്നു. വൈകുന്നേരത്തോടെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.

Content Highlights: pm 2 elephant finally locked by the forest guards-sulthan bathery

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented