ധർമശാല വ്യവസായ സമുച്ചയത്തിലെ അഫ്ര പ്ലൈവുഡ്‌സിൽ വെള്ളിയാഴ്ച രാത്രിയോടെയുണ്ടായ തീപ്പിടുത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന
ധര്‍മശാല: ആന്തൂരിലെ അഫ്ര പ്ലൈവുഡ് ഫാക്ടറി കത്തിനശിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു തീപ്പിടിത്തം. കെട്ടിടവും ഉപകരണങ്ങളും ഉത്പന്നങ്ങളുമുള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഉടമകള്‍ പറഞ്ഞു.കൃത്യമായ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. തളിപ്പറമ്പ് ടാഗോര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചെറുകുന്നോന്റകത്ത് അബൂബക്കറിന്റെതാണ് ഫാക്ടറി. 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു ഫാക്ടറി.
കെട്ടിടത്തിന്റെ ഒരുവശത്തുള്ള ചേംബറിനു സമീപത്തുനിന്നാണ് തീപടര്‍ന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഉടന്‍ സെക്യൂരിറ്റിയും മറ്റ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ തളിപ്പറമ്പില്‍നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്ത് കുതിച്ചെത്തിയിരുന്നു. അപ്പോഴേക്കും കെട്ടിടം അഗ്‌നിഗോളമായിത്തീര്‍ന്നു.
കണ്ണൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍, പെരിങ്ങോം, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍നിന്നുകൂടി അഗ്‌നിരക്ഷാവാഹനങ്ങള്‍ സ്ഥലത്തെത്തി. പുലര്‍ച്ചെ അഞ്ചോടെ തീ നിയന്ത്രണവിധേയമാക്കുമ്പോഴേക്കും പന്ത്രണ്ടോളം അഗ്‌നിരക്ഷാവാഹനങ്ങളില്‍ നൂറ് ടാങ്ക് വെള്ളം വേണ്ടിവന്നു. തീകെടുത്താനുള്ള ശ്രമം രാവിലെ പതിനൊന്നോളം നീണ്ടു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം ചിറ, പറശ്ശിനിപുഴ എന്നിവിടങ്ങളില്‍നിന്നാണ് അഗ്‌നിരക്ഷാസേന വെള്ളം ശേഖരിച്ചത്.
ഫാക്ടറിക്കകം കരിക്കട്ട കൂമ്പാരം
കത്തിയമര്‍ന്ന പ്ലൈവുഡ് ഫാക്ടറിക്കകത്ത് കരിക്കട്ട കൂമ്പാരം. ഒരേക്കറയിലേറെ വിസ്തൃതിയുള്ള ഉള്‍വശത്തെ ഇരുമ്പുപൈപ്പുകളുപയോഗിച്ച് നിര്‍മിച്ച മേല്‍ക്കൂര പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.
വിലപിടിപ്പുള്ള വിവിധയിനം യന്ത്രങ്ങള്‍ പൂര്‍ണമായും നശിച്ചു. ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കാനായി തയ്യാറാക്കിയ പ്ലൈവുഡ് പൂര്‍ണമായും തീയില്‍പ്പെട്ടു.
റീജണല്‍ ഫയര്‍ ഓഫീസര്‍ പി. രഞ്ചിത്ത്, ജില്ലാ ഫയര്‍ ഓഫീസര്‍ ബി. രാജ്, സ്റ്റേഷന്‍ ഓഫീസര്‍ അശോക്കുമാര്‍, ഷാനിത്ത്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി. അജയന്‍, പുരുഷോത്തമന്‍, ഗോകുല്‍ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.അഗ്‌നിരക്ഷാസേനയിലെ അന്‍പതോളം ഉദ്യോഗസ്ഥര്‍ മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്താനായത്.
Content Highlights: plywood factory caught fire in anthoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..