തിരുവനന്തപുരം: സഹപാഠികളുടേയും അധ്യാപകരുടേയും വ്യക്തി വിവരങ്ങൾ അശ്ലീല ചാറ്റ് സൈറ്റിന് കൈമാറിയ സംഭവത്തിൽ വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് വിദ്യാർത്ഥി പിടിയിലാകുന്നത്. 

കനേഡിയൻ അശ്ലീല സൈറ്റിനാണ് വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങളും ഫോൺ നമ്പറുകളും കൈമാറിയത്. ഓൺലൈൻ ക്ലാസിന്റെ ഭാഗമായ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ചിത്രങ്ങളും നമ്പരുകളും വിദ്യാർത്ഥി ശേഖരിച്ചത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയിൽ നിന്നും ഫോൺകോളുകളും വാട്സാപ്പ് സന്ദേശങ്ങളും എത്തിയതോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും പോലീസിൽ പരാതി നൽകിയത്. തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി പിടിയിലാകുന്നത്.

ഓൺലൈൻ ക്ലാസുകളിൽ ഇരിക്കുന്ന വേഷത്തിലുള്ള വിദ്യാർത്ഥികളുടെ ഫോട്ടോകളും നമ്പറുകളും പിടിയിലായ വിദ്യാർത്ഥി സൈറ്റിന് കൈമാറി. ഇതോടെ പ്രതി സ്കൂളിൽ തന്നെയുള്ള വിദ്യാർത്ഥിയാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ വിദ്യാർത്ഥികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി പിടിയിലാകുന്നത്.

സൈറ്റിലുള്ള അപരിചതരുമായി ചാറ്റ് ചെയ്യുമ്പോൾ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങളും സന്ദേശങ്ങളും കൈമാറുകയും ആ ആൾ താൻ തന്നെയാണ് എന്ന തരത്തില്‍ കുട്ടി അപരിചിതരോട് ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇത് എന്റെ നമ്പറാണ്, എനിക്ക് മെസ്സേജ് അയക്കണമെന്നും നിങ്ങളാണെന്ന് ഉറപ്പു വരുത്താൻ വേണ്ടി ഞാൻ തന്നിരിക്കുന്ന ഫോട്ടോയും മെസേജും വാട്സാപ്പിൽ അയക്കണമെന്നും വിദ്യാർത്ഥി ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹൈ ടെക് സെൽ മേധാവി ഇ എസ് ബിജുമേനോൻ പറയുന്നു. 

വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് കൗൺസിലിങ്ങിന് അയച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ചാറ്റ് സംവിധാനം ഒരുക്കുന്ന ഈ സൈറ്റിനെതിരെ റിപ്പോർട്ട് നൽകാൻ ഒരുങ്ങുകയാണ് സൈബർ പോലീസ്.

Content Highlights: Plus one student arrested for sharing pics numbers of teachers and students to Canadian website