തിരുവനന്തപുരം: പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് യാദൃച്ഛികമെന്ന് റിപ്പോര്‍ട്ട്. സംഭവം അന്വേഷിച്ച ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 

പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയുടെ 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു എന്നതായിരുന്നു വിവാദം. ഇടത് അനുകൂല സംഘടനയായ കെഎസ്ടിഎ ആയിരുന്നു മോഡല്‍ ചോദ്യപേപ്പര്‍ തയാറാക്കിയത്.

സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് തിങ്കളാഴ്ച അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു.

17 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാത്രമാണ് ആവര്‍ത്തിച്ചതെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഔദ്യോഗിക സൈറ്റില്‍ നിന്നാണ് ചോദ്യങ്ങള്‍ എടുത്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഗുരുതര പിഴവല്ലെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചിരുന്നു.