തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബര്‍ 18ന് അവസാനിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബര്‍ 13നാണ് അവസാനിക്കുക. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ഉന്നതലതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 

എല്ലാ ദിവസവും രാവിലെയാണ് പരീക്ഷ. ഓരോ പരീക്ഷയ്ക്കിടയിലും അഞ്ച് ദിവസങ്ങള്‍ വരെ ഇടവേളയുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് പരീക്ഷകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിച്ചത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

പരീക്ഷ ടൈം ടേബിള്‍ dhsekerala.gov.in എന്ന ഹയര്‍ സെക്കന്‍ഡറി വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്‌. 

പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്റല്‍,പുനഃപ്രവേശനം, ലാറ്ററല്‍ എന്‍ട്രി,പ്രൈവറ്റ് ഫുള്‍ കോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തും. കുട്ടികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിള്‍ ആണ് നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നത്. നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. പിന്നീട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാദങ്ങള്‍ തൃപ്തികരമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

content highlights: plus One exam starts from September 24