തിരുവനന്തപുരം: സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടക്കാന്‍ സാധ്യത. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലു വരെ മാതൃകാ പരീക്ഷകള്‍ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഡിമാര്‍, എ.ഡിമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നാളെ (28-08-2021) രാവിലെ 10.30-ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 

മൊത്തം 2,027 കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രത്തിലും മാഹിയില്‍ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.

പരീക്ഷയ്ക്ക് മുന്നോടിയായി സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതത് മണ്ഡലങ്ങളിലെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും.

പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുക്കാനുള്ള മാതൃകാപരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിക്കുക. കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ അതാത് ദിവസം രാവിലെ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടല്‍ വഴി നല്‍കും.  പരീക്ഷയ്ക്കു ശേഷം അധ്യാപകരോട് ഓണ്‍ലൈനില്‍ സംശയ ദൂരീകരണവും നടത്താം.

content highlights: plus one exam likely to conduct in september