പാലക്കാട്: സംസ്ഥാനത്ത് പ്ലസ്വണ്‍ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റിന്റെ എണ്ണം രണ്ടാക്കി കുറച്ചതോടെ ഉയര്‍ന്ന ഓപ്ഷനില്‍പ്പെട്ട സീറ്റിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാവുന്നു. രണ്ടാം അലോട്ട്‌മെന്റില്‍ സ്ഥിരപ്രവേശനം നിര്‍ബന്ധമാക്കിയതോടെയാണ് ഉയര്‍ന്ന ഓപ്ഷന്‍ നല്‍കിയ സ്‌കൂളുകളില്‍ സീറ്റുകള്‍ ബാക്കിയുണ്ടായിട്ടും ഇഷ്ടപ്പെട്ട കോഴ്‌സിലും സ്‌കൂളിലും ചേരാനുള്ള അവസരം കുട്ടികള്‍ക്കില്ലാതാവുന്നത്.

നിലവിലെ സാഹചര്യത്തില്‍ മെറിറ്റ് കൂടിയ കുട്ടികള്‍ക്ക് കിട്ടേണ്ട സീറ്റ് മെറിറ്റ് കുറഞ്ഞവര്‍ക്ക് ലഭിക്കുന്ന സ്ഥിതിയാണെന്നും രക്ഷിതാക്കള്‍ പറയുന്നു. കഴിഞ്ഞവര്‍ഷംവരെ മൂന്ന് അലോട്ട്‌മെന്റുകള്‍ക്കുശേഷമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തിയിരുന്നത്. ഇതിനിടെ, ഓപ്ഷന്‍ അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കിയ കുട്ടികള്‍ക്കെല്ലാവര്‍ക്കും മെറിറ്റ് കണക്കാക്കിയുള്ള പ്രവേശനം ലഭിച്ചിരുന്നു.

ബാക്കി സീറ്റുകളിലാണ് സപ്ലിമെന്ററി പട്ടികയിലുള്ളവര്‍, അപേക്ഷ പൂരിപ്പിക്കുമ്പോള്‍ സാങ്കേതിക പിഴവുണ്ടായവര്‍, സേ പരീക്ഷ എഴുതിയവര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. ഈവര്‍ഷം രണ്ട് അലോട്ട്‌മെന്റിനുശേഷം ഒഴിവുവന്ന സീറ്റുകളില്‍ സപ്ലിമെന്ററി അലോട്ട്മെന്റിലുള്ളവര്‍ക്കാണ് അവസരമുള്ളത്. ഇതോടെ, അര്‍ഹതയുണ്ടായിട്ടും രണ്ടാം അലോട്ട്‌മെന്റില്‍ സ്ഥിരപ്രവേശനം നേടിയവര്‍ ഉയര്‍ന്ന ഓപ്ഷനിലേക്ക് മാറാനാവാതെ വെട്ടിലായി.

രണ്ടാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് 43,528 സീറ്റുകളാണ് ബാക്കിയുള്ളത്. സയന്‍സില്‍ 21,541 ഉം കൊമേഴ്‌സില്‍ 12,468 ഉം ഹ്യുമാനിറ്റീസില്‍ 9,339 സീറ്റും ബാക്കിയുണ്ട്.

ഇഷ്ടവിഷയങ്ങളും സ്‌കൂളുകളും ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉയര്‍ന്ന ഓപ്ഷന്‍ നല്‍കിയ ഒട്ടേറെ വിദ്യാര്‍ഥികള്‍ കാത്തിരിക്കുന്നുണ്ട്. ചെറിയ ഗ്രേഡ് പോയന്റ് വ്യത്യാസത്തിന് രണ്ടാം അലോട്ട്‌മെന്റില്‍ മറ്റ് സ്‌കൂളുകളിലെത്തിയ ഇവര്‍ക്ക് അവസരം നിഷേധിക്കരുതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

രണ്ടാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ പാലക്കാട് ജില്ലയിലെ സ്‌കൂളുകളില്‍ 3,068 സീറ്റുകളാണ് ബാക്കിയുള്ളത്. കോവിഡ് സാഹചര്യത്തിലാണ് അലോട്ട്‌മെന്റുകള്‍ കുറച്ചതെന്ന് ഹയര്‍സെക്കന്‍ഡറി അധികൃതര്‍ പറയുന്നു. ഇക്കുറി അപേക്ഷകളിലെ സാങ്കേതികപ്പിഴവുമൂലം പ്രവേശനം കിട്ടാത്തവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇപ്പോള്‍ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂളും കോഴ്‌സും പരസ്പരം മാറാനുള്ള അവസരം പിന്നീട് നല്‍കുമെന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. എന്നാല്‍, സ്‌കൂളും കോഴ്‌സും മാറുന്നത് വിദ്യാര്‍ഥികളുടെ താത്പര്യപ്രകാരം മാത്രമാണെന്നതിനാല്‍ ഇത് പ്രവേശന നടപടികളുടെ സുതാര്യതയായി കാണാനാവില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.

Content Highlight: Plus one allotment 2020