വി.ശിവൻകുട്ടി| ഫോട്ടോ: എസ്.ശ്രീകേഷ്| മാതൃഭൂമി
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് അടിയില്‍ കമന്റുകളുടെ പ്രവാഹം. അര്‍ഹതയുണ്ടായിട്ടും ആഗ്രഹിച്ച വിഷയവും സ്‌കൂളും കിട്ടിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിനു കീഴില്‍ പരാതി പ്രളയം തീര്‍ക്കുന്നത്.
പ്ലസ് വണ്‍ പ്രേവശനം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം മന്ത്രി ഇട്ട ഫേയ്‌സ്ബുക്ക് പോസ്റ്റിനു കീഴിലാണ് ഏറ്റവും കൂടുതല്‍ കമന്റുകളുള്ളത്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും ആഗ്രഹിച്ച സീറ്റില്‍ പ്രവേശം ലഭിച്ചില്ലെന്ന് ആരോപിച്ച് നിരവധി രക്ഷിതാക്കളാണ് പരാതിയുമായെത്തിയിരിക്കുന്നത്. സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രം അവശേഷിക്കേ വന്‍തുക മുടക്കി മാനേജ്മെന്റ്, അണ്‍എയ്ഡഡ് സീറ്റുകളിലും മറ്റും പ്രവേശനം നേടേണ്ട സ്ഥിതിയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
പഠിച്ച് പരീക്ഷയെഴുതി മികച്ച രീതിയില്‍ പാസ്സായിട്ടും താല്‍പര്യമുള്ള വിഷയം പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം പഠിക്കാന്‍ അവസരമൊരുക്കണമെന്നുമാണ് പൊതുവേ ഉയരുന്ന ആവശ്യം. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള പരാതികളും നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.

പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് അലോട്ട്മെന്റ് കഴിഞ്ഞതോടെ ഇതുവരെ പ്രവേശനം ലഭിച്ചത് 2,69,533 പേര്‍ക്കു മാത്രമാണ്. അവശേഷിക്കുന്നത് സംവരണവിഭാഗത്തിലേതടക്കം 655 സീറ്റുകള്‍മാത്രമാണ്. മുഖ്യ അലോട്ട്മെന്റുകള്‍ അവസാനിച്ചിട്ടും 4,65,219 അപേക്ഷകരില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവര്‍ക്കുപോലും ഇഷ്ടവിഷയവും ഇഷ്ടസ്‌കൂളും ലഭിച്ചില്ലെന്നാണ് പരാതിയുയരുന്നത്. സീറ്റ് വര്‍ധിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും സാമ്പത്തിക ബാധ്യത കാരണം സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
Content Highlights: plus one admission- Complaints in FB post of the Education Minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..