നാസർ ഫൈസി, കുടുംബശ്രീ പ്രതിജ്ഞ
കോഴിക്കോട്: ജന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലികാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയില്‍ പെണ്മക്കള്ക്കും ആണ്മക്കള്ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്ന വാചകമാണ് സമസ്ത നേതാവ് ചൂണ്ടിക്കാട്ടുന്നത്. സമസ്തയുടെ യുവജന വിഭാഗമായ എസ് വൈ എസിന്റെ സംസ്ഥാന സെക്രട്ടറിയാണ് നാസര്‍ ഫൈസി കൂടത്തായി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ സിവില്‍ നിയമങ്ങള്‍ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നല്കുന്ന അവകാശം ഭരണഘടനയുടെ മൗലികതയില്‍പ്പെട്ടതാണ്. ഖുര്‍ആനില്‍ ആണിനും പെണ്ണിനും സ്വത്തവകാശത്തില്‍ വ്യത്യസ്ത ഓഹരികളാണ് പറയുന്നത്. ഈ വിശ്വാസത്തില്‍ ജീവിക്കുന്നവരുടെ മൗലിക അവകാശം നിഷേധിക്കുന്നതാണ് കുടുംബശ്രീയുടെ തുല്യ സ്വത്തവാകശം ആവശ്യപ്പെട്ടുള്ള പ്രതിജ്ഞയെന്നും നാസര്‍ ഫൈസി പറയുന്നു. മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലര്‍ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാസര്‍ ഫൈസിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...
ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നു കുടുംബശ്രീ
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാന്തര ചടങ്ങുകള്‍... തുടങ്ങിയ സിവില്‍ നിയമങ്ങള്‍ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നല്കുന്ന അവകാശം ഭരണഘടനയുടെ മൗലികതയില്‍പ്പെട്ടതാണ്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവമ്പര്‍ 25 മുതല്‍ ഡിസംബര്‍ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടത്തുമ്പോള്‍ ശ്രേഷ്ടകരമായ പലതിനോടും ചേര്‍ത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമുണ്ട്.സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ നല്കുന്ന സര്‍ക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്.നാലാമത് ആഴ്ച എല്ലാ കുടുംബശ്രീയിലും ജന്‍ഡര്‍ റിസോഴ്സ് മീറ്റിലൂടെ പ്രതിജ്ഞ ചെയ്യാനുള്ള നിര്‍ദേശമുണ്ട്.
പ്രതിജ്ഞയുടെ അവസാന ഭാഗത്തില്‍
'നമ്മള് പെണ്മക്കള്ക്കും ആണ്മക്കള്ക്കും തുല്യ സ്വത്തവകാശം നല്‍കും' എന്ന് സ്ത്രീകളെകൊണ്ട് ചൊല്ലിക്കുകയാണ്.
ഖുര്‍ആന്‍ പറയുന്നത്: ' ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്' (അന്നിസാഅ്: 11)
സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിന്റെയും ഭര്‍ത്താവിന്റെയും മകന്റേയും സ്വത്തില്‍ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്.എന്നാല്‍ പിതാവിന്റെ സ്വത്തില്‍ അവര്‍ക്ക് പുരുഷന്റെ (സഹോദരന്റെ ) പകുതിയാക്കിയത് വിവേചനമല്ല.
സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭര്‍ത്താവ് ദ്രരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. ഒരു ചില്ലിക്കാഷും ചെലവിനത്തില്‍ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാന്‍ അവകാശം നല്‍കുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലര്‍ ആരോപിച്ച് വന്നത്.
ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലര്‍ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യും.
Content Highlights: Pledge to equal property rights-Samastha leader says that Kudumbashree denies fundamental rights
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..