മലപ്പുറം: കടകളില്‍നിന്ന് നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം വീട്ടിലെത്തി കുന്നുകൂടുന്ന പ്ലാസ്റ്റിക് കവറുകള്‍ ടാറുണ്ടാക്കുന്നതിന് ഉപയോഗിക്കാന്‍ പാകപ്പെടുത്തുകയാണ് മലപ്പുറം നഗരസഭാവളപ്പിലെ 'ഖനി'യെന്ന് പേരിട്ട പ്ലാസ്റ്റിക് ഖരവിഭവ ശേഖരണ പാലന കേന്ദ്രത്തില്‍.

2018 മാര്‍ച്ചില്‍ മന്ത്രി കെ.ടി. ജലീലാണ് കേന്ദ്രം ഉദ്ഘാടനംചെയ്തത്. ഇതുവരെയുള്ള കാലയളവില്‍ 16,000 ടണ്‍ പ്ലാസ്റ്റിക് കവറുകളാണ് ടാര്‍ ഉണ്ടാക്കുന്നതിനായി ഇവിടെനിന്ന് പൊടിച്ച് നല്‍കിയതെന്ന് സാനിറ്റേഷന്‍ വര്‍ക്കര്‍ ഗ്ലാഡ്വിന്‍ ജോസഫ് പറഞ്ഞു.

•പ്രവര്‍ത്തനരീതി

നഗരസഭയിലെ 40 വാര്‍ഡുകളിലെ വീടുകളില്‍നിന്നും കച്ചവടസ്ഥാപനങ്ങളില്‍നിന്നും പ്രതിദിനം പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക്കുപ്പികള്‍, പേപ്പറുകള്‍, ചട്ടകള്‍ എന്നിവ 19 ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കും.

ഓരോതവണയും വീടുകളില്‍നിന്നും കടകളില്‍നിന്നും ഇവ ശേഖരിക്കുമ്പോള്‍ 30, 50 രൂപ വീതമാണ് ഈടാക്കുക. പിന്നീട് 'ഖനി'യിലെത്തിച്ച് വേര്‍തിരിക്കും. പ്ലാസ്റ്റിക്കവറുകള്‍ മെഷീനിലിട്ട് പൊടിച്ച് ചാക്കുകളിലാക്കും. ഇത് ടാര്‍ ഉണ്ടാക്കുന്നതിനായി കിലോയ്ക്ക് 18 രൂപ നിരക്കില്‍ വില്‍ക്കും.

മെഷീനില്‍ ഉപയോഗിച്ച് അമര്‍ത്തി, കെട്ടിവെക്കുന്ന പ്ലാസ്റ്റിക് കുപ്പികളും പേപ്പറും ചട്ടയും ആക്രിക്കടകളിലേക്കും നല്‍കും.

•ഖനിയുടെ സമയം

രാവിലെ ഏഴുമുതല്‍ പകല്‍ ഒന്നുവരെയുള്ള സമയത്താണ് 'ഖനി'യുടെ പ്രവര്‍ത്തനം. ഹരിത കര്‍മസേനാംഗങ്ങളായ 19 വനിതകള്‍ക്ക് ക്ലീന്‍ കേരള മിഷന്റെ പിന്തുണയോടെ പ്രതിദിനം 300 രൂപ വരുമാനമുള്ള തൊഴില്‍ ലഭിക്കുന്നതിനൊപ്പം മണ്ണിനും വിണ്ണിനും നാശമുണ്ടാക്കാനിടയുള്ള കിലോക്കണക്കിന് പ്ലാസ്റ്റിക് മാലിന്യം പ്രകൃതിസൗഹൃദമായി ഇല്ലാതാക്കുകകൂടി ചെയ്യുകയാണിവിടെ.

ക്ലീന്‍ കേരള മിഷന്റെ സഹകരണത്തോടെ സജ്ജീകരിച്ച 15 എച്ച്.പിയുടെ മെഷീനിലാണ് പ്ലാസ്റ്റിക് കവറുകള്‍ പൊടിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളും പേപ്പറും ചട്ടയും അമര്‍ത്തിക്കെട്ടാന്‍ ഏഴര എച്ച്.പിയുടെ ഉപകരണവുമുണ്ട്.

നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എ. ഷംസുദ്ദീന്‍, ഹരിത കര്‍മസേന സെക്രട്ടറി ഒ. വിനീത, പ്രസിഡന്റ് വി. സാവിത്രി എന്നിവരുടെ മേല്‍നോട്ടത്തിലാണ് 'ഖനി'യുടെ പ്രവര്‍ത്തനം.