
രാഹുൽഗാന്ധി | photo: ANI
തിരുവനന്തപുരം: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് രാഹുല്‍ഗാന്ധിയെ കൂടുതല്‍ സമയം കേരളത്തില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നു. ഉത്തരേന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിലും യു.പി.യില്‍ സമീപകാലത്ത് നടത്തിയ സമരങ്ങളിലും രാഹുലിന്റെ സാന്നിധ്യം ഊര്ജംപകര്ന്നുവെന്ന തിരിച്ചറിവില്‍ നിന്നാണിത്. കേരളത്തില്‍ നിന്നുള്ള എം.പി. എന്ന നിലയില്‍ക്കൂടി രാഹുലിന്റെ സാന്നിധ്യം ഗുണംചെയ്യുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
ബി.ജെ.പി.ക്ക് എതിരേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പ്രക്ഷോഭങ്ങള്‍ അദ്ദേഹത്തിന് മുസ്ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയും ആവേശവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രണ്ട് ഘടകകക്ഷികളാണ് യു.ഡി.എഫില്‍നിന്ന് മറുപക്ഷത്തേക്ക് പോയത്. ലോക് താന്ത്രിക് ജനതാദള്‍ പഴയ മുന്നണിയിലേക്ക് തിരിച്ചുപോക്കാണ് നടത്തിയതെങ്കില്‍, യു.ഡി.എഫിന്റെ ശക്തമായ ഘടകമായി മൂന്ന് പതിറ്റാണ്ടിലേറെ നിലകൊണ്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗം തിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് വെച്ച് മറുകണ്ടം ചാടിയത് യു.ഡി.എഫിനെ അസ്വസ്ഥരാക്കുന്നുണ്ട്.
വയനാട്ടില്‍നിന്നുള്ള എം.പി.എന്ന നിലയില്‍ രാഹുലിന്റെ മണ്ഡലത്തിലെ ഓഫീസ് പ്രവര്‍ത്തനം കാര്യമായി നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാല്‍ ഏതാനും മാസങ്ങളായി അദ്ദേഹം മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. ഇത് എതിരാളികളുടെ വിമര്‍ശനത്തിനും കാരണമായി. കഴിഞ്ഞദിവസം അദ്ദേഹം കേരളത്തിലെത്തി. വരും മാസങ്ങളില്‍, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുലിന്റെ സാന്നിധ്യം സംസ്ഥാനമാകെ ഉണ്ടാകണമെന്ന് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്.
ഭിന്നാഭിപ്രായങ്ങളും ഗ്രൂപ്പ് പോരുകളും നിലവില്‍ ഉണ്ടെങ്കിലും രാഹുലിന്റെ സാന്നിധ്യം ഇതെല്ലാം കുറയ്ക്കുമെന്ന് നേതാക്കളില്‍ വലിയൊരു വിഭാഗവും വിശ്വസിക്കുന്നു. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടങ്ങള്‍ നയിക്കാന്‍ രാഹുല്‍ തന്നെ മികച്ച വ്യക്തിത്വം എന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസവും ഇതിന് അടിവരയിടുന്നു.
Content Highlight: Plans to activate Rahul Gandhi in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..