നത്ത മഴയായിരുന്നു വെള്ളിയാഴ്ച കൊണ്ടോട്ടിയുടെ സമീപപ്രദേശങ്ങളില്‍. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ സന്ധ്യ മയങ്ങുമ്പോഴും കുത്തിപെയ്തു കൊണ്ടിരുന്നു. രാത്രി എട്ട് മണിയോടെ ഫോണ്‍ ബെല്ലടിച്ചു. എയര്‍പ്പോര്‍ട്ടില്‍  ജോലി ചെയ്യുന്ന കബീര്‍ ബാബുവിന്റെ എട്ടന്‍ പഫീക്കറായിരുന്നു അങ്ങേത്തലയില്‍. 'എയര്‍പ്പോര്‍ട്ടില്‍ വിമാനം തെന്നിയിട്ടുണ്ടെന്ന് കേള്‍ക്കുന്നു, നീ വല്ലതും അറിഞ്ഞോ.. എയര്‍പ്പോര്‍ട്ടിന്റെ അടുത്താണ്  വീടെന്നത് കൊണ്ട് തന്നെ 'യന്ത്രത്തകരാര്‍  വിമാനം തിരിച്ചിറക്കി, വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ പാളി...' അങ്ങനെ പല പല വാര്‍ത്തകള്‍  കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ചെറിയൊരു  സംഭവമായിരിക്കും ഇതെന്നാണ് ആദ്യം കരുതിയത്. പക്ഷെ അഞ്ചു മിനിറ്റിന് ശേഷം പഫീക്കര്‍ വീണ്ടും വിളിച്ചു. 'എടാ വിമാനം  ക്രോസ് റോഡില്‍ വീണിടുണ്ട്. വേഗം വാ...'

മാസ്ക്കും മാതൃഭൂമിയുടെ ഐഡന്റിറ്റി കാര്‍ഡുമെടുത്ത്  നേരെ ക്രോസ് റോഡിലേക്ക്. കൊളപ്പുറത്ത് നിന്ന് കൊണ്ടോട്ടിയിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് ക്രോസ് റോഡ്. വീട്ടില്‍ നിന്ന് നാല് കിലോ മീറ്റര്‍ മാത്രമാണ് ദൂരം. വേഗം വണ്ടിയെടുത്ത്  ക്രോസ് റോഡിലേക്ക്. അതിനിടയില്‍ ആംബുലന്‍സുകള്‍ ചീറിപ്പായുന്നുണ്ട്. അവിടെയെത്തിപ്പോഴാണ് സംഭവിച്ചത് വിചാരിച്ചതിലും വലിയ അപകടമാണെന്ന് മനസ്സിലായത്. വിമാനം രണ്ടായി മുറിഞ്ഞിരിക്കുന്നു. ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. ആര്‍പ്പുവിളികള്‍... ആംബുലന്‍സിന്റെ സൈറനുകള്‍.
  
വിമാനത്തിന്റെ ഒരു ഭാഗം എയര്‍പ്പോര്‍ട്ടിന്റെ ഭാഗത്തോട് ചേര്‍ന്ന് കിടക്കുന്നു. കോക്ക്പിറ്റ് മതിലിനെ ചുംബിച്ച് കിടക്കുന്നു. കോക്ക്പിറ്റില്‍ കുടുങ്ങിയ പൈലറ്റിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഒരു ഭാഗത്ത്. മറുഭാഗത്ത് യാത്രക്കാരെ  ഓരോരുത്തരെയായി പുറത്തെത്തിക്കുന്നു. സൈറനുകള്‍ മുഴക്കി ആംബുലന്‍സുകള്‍ അവരെയും കൊണ്ട് ചീറിപ്പാഞ്ഞു. അവയ്ക്ക് വഴിയൊരുക്കി നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നുനിന്നു.

അതിനിടയില്‍ ഇന്ധനചോര്‍ച്ചയുണ്ടാകുന്നുണ്ടോ എന്ന സംശയം ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു. ഇതോടെ  ഫോണുകള്‍ ഓഫ്  ചെയ്യണമെന്നും അപേക്ഷ. ആളുകള്‍ സ്വയം അനുസരിച്ച് മറ്റൊരു മാതൃക തീര്‍ത്തു. പിന്നീട് ഫോട്ടോയ്ക്കായി ഒരു കാമറയും പൊന്തിയില്ല. ഒരു ഫ്ളാഷും മിന്നിയില്ല. എല്ലാം അവര്‍ അനുസരിച്ചു. അപ്പോഴെക്കും പൈലറ്റിനെ പുറത്തെത്തിച്ചിരുന്നു. പൈലറ്റിന് ജീവനില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവരിൽ ഒരാൾ പറഞ്ഞതോടെ നടന്ന അപകടത്തിന്റെ വ്യാപ്തി മനസ്സിലായി.

രാത്രി പത്ത് മണിയോടെ ഏറെക്കുറേ എല്ലാവരെയും പുറത്തെത്തിച്ചെന്ന്  വിവരം കിട്ടി. എന്നാല്‍, തൊട്ടുപിന്നാലെ ഒരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മനസ്സിലായി. അയാള്‍ സംസാരിക്കുന്നുണ്ടെന്നും സുരക്ഷിതനാണെന്നും പിന്നാലെ വിവരം ലഭിച്ചു.
രാത്രി പതിനൊന്ന് മണിയോടെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. ആ ചരിത്രദൗത്യത്തിന്റെ ഭാഗമായവര്‍ ഓരോരുത്തരായി പുറത്തേക്കിറങ്ങി വന്നു.

കൊണ്ടോട്ടി താലൂക്ക് കഴിഞ്ഞ കുറച്ചായി കണ്ടൈന്‍മെന്റ് സോണിലാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ഏറെയും ഈ സോണിലുള്ളവര്‍. വിമാനത്തിലെ യാത്രക്കാരും കോവിഡ് സാധ്യതയുള്ളവര്‍. എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ പിന്നോട്ട് നിന്നില്ല. അവര്‍ ഒത്തുപ്പിടിച്ചു. ഒരു ഓട്ടോറിക്ഷ മറിഞ്ഞാല്‍ അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ മടിക്കുന്ന കാലത്ത്, ഒരു വിമാനത്തിലുള്ള മൊത്തം യാത്രക്കാരെ അവര്‍ പുറത്തെത്തിച്ച് മാതൃകയായി.

Content highlights : plane crash in kerala kozhikode rescue experience