ഷൊര്‍ണൂര്‍: ചതിച്ചാല്‍ ദ്രോഹിക്കുന്നതാണ് പാര്‍ട്ടി നയമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ.ശശി.

പാലക്കാട് കരിമ്പുഴയില്‍ ലീഗില്‍നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവരോടായിരുന്നു ശശി നിലപാട് അറിയിച്ചത്. വിശ്വസിച്ചാല്‍ സംരക്ഷിക്കുകയും ചതിച്ചാല്‍ ദ്രോഹിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടി നിലപാടെന്ന് പി.കെ.ശശി പറഞ്ഞു.

'പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്' ശശി  പറഞ്ഞു.

അന്‍പതോളം പേരാണ് മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നത്. ഇവര്‍ക്ക് അഭിവാദ്യം നല്‍കാനായി സംഘടിപ്പിച്ച യോഗത്തിനായിട്ടാണ് പി.കെ.ശശി എത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് സാമൂഹിക അകലം പാലിക്കാതെ പരിപാടിസംഘടിപ്പിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അതേ സമയം ശശിയുടെ പ്രസ്താവന സംബന്ധിച്ചോ പരിപാടി നടത്തിയതുമായി ബന്ധപ്പെട്ടോ പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പരിപാടി നടത്തിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഭരണപക്ഷത്തുള്ള ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് അന്‍പതോളം പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതെന്നതാണ് ശ്രദ്ധേയം.

വളരെ ശ്രദ്ധയോടെ നീങ്ങേണ്ട ഒരുഘട്ടമാണിതെന്നും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചുപറയുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Content Highlights: PK Sasi MLA-CPM's policy