കോഴിക്കോട്: ആര്‍.എം.പി നേതാവായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്  ഗുരുതര ആരോഗ്യ പ്രശ്നമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പി.കെ കുഞ്ഞനന്തന്  അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിലപാട് അറിയിക്കുകയായിരുന്നു സര്‍ക്കാര്‍.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിനെ നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്ദന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുഞ്ഞനന്ദന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പരോള്‍ നല്‍കുക എന്നത് പ്രതിയുടെ അവകാശമാണെന്നും കുഞ്ഞനന്ദന്റെ അഭിഭാഷകന്‍ വാദിച്ചു. 

എന്നാല്‍ കുഞ്ഞനന്റെ യഥാര്‍ത്ഥ അസുഖമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടില്‍ ഒന്നും വ്യക്തമാവുന്നില്ലെന്നും കുഞ്ഞനന്ദന്‍ അധികനാള്‍ ജയിലില്‍ കിടന്നിട്ടില്ല എന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നും വ്യക്തമാവുന്നതെന്നും ഹൈക്കോടി അറിയിച്ചു. 

കഴിഞ്ഞ പത്ത് മാസത്തിനിടെ മാത്രം 214 തവണയാണ് കുഞ്ഞനന്ദന് പരോള്‍ ലഭിച്ചത്. വെള്ളിയാഴ്ച കുഞ്ഞനന്ദന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ ഇതിനെ എതിര്‍ത്ത് കൊണ്ട് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമയും രംഗത്തെത്തി. അസുഖമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടതെന്നും അതിനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്ത് കൊടുക്കുകയാണ് വേണ്ടതെന്നും കെ.കെ രമ മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് ഇത്രയേറെ കാലം ഒരു സര്‍ക്കാര്‍ പരോള്‍ അനുവദിക്കുന്നത് ആദ്യമായിട്ടാവും. ചികിത്സ നല്‍കുന്നതിന് ആരും എതിരല്ല പക്ഷെ ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും കെ.കെ  രമ പറഞ്ഞു.

സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാല്‍ നാല് വര്‍ഷം തടവ് പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞനന്തന്‍ 389 ദിവസം പരോളിലാണെന്ന് ജയില്‍ രേഖകള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് കുഞ്ഞനന്തന് നല്‍കിയിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

Content Highlights: PK Kunjanadhan Face Critical Health Condition Government in Highcourt