പി.കെ. കുഞ്ഞാലിക്കുട്ടി | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപനം വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും നയിക്കുന്നത് ലീഗാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ ചര്‍ച്ചയായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം വെച്ച് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നൂവെന്ന ലീഗിന്റെ തീരുമാനം വരുന്നത്. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന്റെ യഥാര്‍ഥ കാരണം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ലീഗ്-യു.ഡി.എഫ്. നേതൃത്വം.
കോണ്‍ഗ്രസിനെ നയിക്കുന്നത് ലീഗാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിവെക്കുന്ന രീതിയില്‍ സി.പി.എമ്മും, ബി.ജെ.പിയുമടക്കമുള്ള എതിരാളികള്‍ കുഞ്ഞാലിക്കുട്ടിയുടെ വരവിനെ ഇതിനകം തന്നെ പ്രചാരണ ആയുധമാക്കി മാറ്റിയപ്പോള്‍ നിലവിലെ പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെയൊരു തീരുമാനമെന്നാണ് യു.ഡി.എഫും-ലീഗും പറയുന്നത്. പക്ഷെ എന്താണ് ആ പ്രത്യേക സാഹചര്യമെന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടുമില്ല. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വാരസ്യത്തിന് വഴിവെക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞുപോയ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിച്ചിട്ടും യു.ഡി.എഫിന് കാര്യമായി നേട്ടമൊന്നുമുണ്ടാക്കാനായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് എതിരാളികളുടെ പ്രചാരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നിലയില്‍ കോണ്‍ഗ്രസിന് ഒന്നും നടക്കില്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസിനേയും-യു.ഡി.എഫിനേയും ലീഗ് നയിക്കുന്നതിന്റെ സുചനയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും ആരോപിക്കപ്പെടുന്നു. എതിരാളികളുടെ ഈയൊരു പ്രചാരണത്തെ തടഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സ്ഥിരം വോട്ട് ബാങ്കുകള്‍ വരുന്ന തിരഞ്ഞെടുപ്പിലും തങ്ങളെ കൈവിടുമെന്ന് കോണ്‍ഗ്രസും ഭയക്കുന്നുണ്ട്. ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും അങ്കലാപ്പിലാണ്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കോണ്‍ഗ്രസ് ലീഗിന്റെ ചട്ടുകമായെന്ന സി.പി.എം. പ്രചാരണം പലയിടങ്ങളിലും ബാധിച്ചുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലടക്കം വലിയ രീതിയില്‍ വോട്ട് കുറഞ്ഞത് ഈയൊരു പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നും നേതൃത്വം കരുതുന്നു. ആ പ്രചാരണം വിജയം കണ്ടതോടെയാണ് ലീഗിനെ കോണ്‍ഗ്രസ് നയിക്കുന്നൂവെന്ന തുടര്‍ പ്രസ്താവനകളുമായി മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ അടക്കമുള്ളവരും രംഗത്തെത്തിയതും. കുഞ്ഞാലിക്കുട്ടിയുടെ വരവ് അതിന് ശക്തിപകരുകയും ചെയ്തു.
കുഞ്ഞാലിക്കുട്ടി തിരിച്ചെത്തിയാല്‍ അടുത്ത പ്രതിപക്ഷ നേതാവാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ സെക്രട്ടി മുഹമ്മദ് റിയാസും അധികാരം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രിയാവാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്ന് കെ.ടി. ജലീലും ഇതിനകം തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇതോടെ വരുംദിവസങ്ങളിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ചാ വിഷയവും കുഞ്ഞാലിക്കുട്ടിയുടെ രാജി തന്നെയാവുമെന്നതിന് സംശയമില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രാജി പ്രഖ്യാപിച്ച് മത്സര രംഗത്തേക്ക് വരുമ്പോള്‍ ഉണ്ടാവുന്ന വിവാദങ്ങളുടെ ശക്തികുറക്കുക എന്നതാണ് ഏറെ നേരത്തേയുള്ള കുഞ്ഞാലിക്കുട്ടിയുടെ രാജി പ്രഖ്യാപനത്തിന് പിന്നില്‍. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് കൂടി നടത്താമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. എന്നാല്‍ ലീഗിനുള്ളില്‍ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രാജിയില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
രാജി തീരുമാനം ഞെട്ടിക്കുന്നതാണെന്നും നേതൃത്വം മറുപടി പറയാനാവാത്ത പ്രതിസന്ധിയിലാണെന്നും പറഞ്ഞ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇതിന് പുറമെ, വാഴക്കാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി തന്നെ ഇതില്‍ പ്രതിഷേധിച്ച് പിരിച്ചുവിട്ടു. രാജിവെച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ച് തീരുമാനം പുനഃപരിശോധിക്കണമന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: PK Kunjalikutty Paliament Member Resignation Youth League
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..