തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നിരപരാധിയായതു കൊണ്ടു തന്നെ ഇബ്രാഹിം കുഞ്ഞിന് നിരപരാധിത്വം തെളിയിക്കാന്‍ യുഡിഎഫ് എല്ലാ പിന്തുണയും നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഇബ്രാഹിം കുഞ്ഞിനെ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണോ എന്ന് ചോദ്യത്തിന് ഈ വിഷയത്തില്‍ തനിക്ക് കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. 

പാല തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബുധനാഴ്ച പാലായില്‍ എ കെ ആന്റണി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലാ മണ്ഡലത്തിലെ സാഹചര്യം പരിശോധിച്ചാല്‍ യുഡിഎഫിന് തന്നെയാണ് വിജയമെന്നും കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചു പറഞ്ഞു. 

 

Content Highlights: PK Kunhalikutty speaks to media