മലപ്പുറം: മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ ഹാജരാകാതിരുന്നതിന് മുസ്ലീം ലീഗ് നേതൃത്വം പി.കെ. കുഞ്ഞാലിക്കുട്ടിയോട് വിശദീകരണംതേടി. ചര്‍ച്ചയില്‍നിന്ന് കുഞ്ഞാലിക്കുട്ടി എം.പി. വിട്ടുനിന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ലീഗ് നേതൃത്വം അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. 

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേരിട്ടാണ് പി.കെ. കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ആരാഞ്ഞത്. ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്നതിന്റെ കാരണം വിശദമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും  കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. 

അതേസമയം, സംഭവത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത് പാര്‍ട്ടിയിലെ സ്വാഭാവിക നടപടി മാത്രമാണെന്നാണ് സൂചന. പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി കൂടിയായ അദ്ദേഹത്തിനെതിരേ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളുണ്ടാകാനും സാധ്യതയില്ല. 

മുത്തലാഖ് ബില്‍ പാസാക്കുന്നതിന് മുന്നോടിയായി കഴിഞ്ഞദിവസം ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലും വോട്ടെടുപ്പിലും മുസ്ലീം ലീഗ് അഖിലേന്ത്യാ നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പങ്കെടുത്തിരുന്നില്ല. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോയതായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടിയുടെ സഭയിലെ അസാന്നിധ്യത്തെക്കുറിച്ച് ഐ.എന്‍.എല്ലും സമസ്ത ഇ.കെ. വിഭാഗവും വിമര്‍ശനമുന്നയിച്ചതോടെ സംഭവം വിവാദമായി. എന്നാല്‍ തനിക്കെതിരേ ചില തത്പരകക്ഷികള്‍ പ്രചരണം നടത്തുന്നുണ്ടെന്നും അത് വസ്തുതാപരമായി ശരിയല്ലെന്നുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 

Content Highlights: pk kunhalikutty did not participated in triple talaq bill discussion, iuml seeks explanation