തിരുവനന്തപുരം: കോവിഡ് വിഷയത്തില്‍ നിയമസഭയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അടിയന്തര പ്രമേയ നോട്ടീസ്. കോവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞുപാളീസ് ആയെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ലോകത്തിലെ എറ്റവും മോശം അവസ്ഥയാണ് നിലവില്‍ കേരളത്തിലെന്ന് പറയുമ്പോള്‍, നല്ലതു കൂടി കാണാന്‍ പ്രതിപക്ഷത്തിന് കഴിയണമെന്ന് ധനമന്ത്രി കെ. ബാലഗോപാല്‍ ഓര്‍മിപ്പിച്ചു. നാട് എന്തോ ആയിക്കോട്ടെ എന്ന ചിന്തയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യാപാരികള്‍, കൂലിവേലക്കാര്‍, ചെറുകിട കച്ചവടക്കാര്‍ക്കും അങ്ങനെ ആരും തന്നെ സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിലല്ല ഉള്ളത്. എല്ലാവരും വലിയ ദുരിതത്തിലാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കണമെന്ന ആവശ്യവും കുഞ്ഞാലിക്കുട്ടി ഉന്നയിച്ചു. ഒരാള്‍ക്ക് അയ്യായിരം രൂപ വീതം നല്‍കണമെന്ന് ഹരിപ്പാട് എം.എല്‍.എ. രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. 

സര്‍ക്കാരിനെ കുറ്റംപറയാന്‍ വേണ്ടിയല്ല, മറിച്ച് സംസ്ഥാനത്തെ യഥാര്‍ഥ സാഹചര്യം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന് മറുപടിയായി ധനമന്ത്രി ബാലഗോപാല്‍, സര്‍ക്കാര്‍ ചെയ്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു. ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്നാല്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ പ്രതിമാസം 1,600 കോടിരൂപയുടെ പെന്‍ഷന്‍ മാത്രം വിതരണം ചെയ്യുന്നുണ്ട്. കഴിയുന്ന തരത്തിലെല്ലാം ജനങ്ങളെ സഹായിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കാണാതെ കുറ്റം മാത്രം പറഞ്ഞുപോകുന്നത് ശരിയല്ല. കോവിഡ് കാലം കടന്നുകിട്ടാന്‍ എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധനമന്ത്രിക്കു പിന്നാലെ വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചു. നാട് എങ്ങോട്ടോ പൊയ്‌ക്കോട്ടെ, സര്‍ക്കാരിനെ കുറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ 49 ശതമാനം പേര്‍ക്കു മാത്രമാണ് കോവിഡ് വന്നിട്ടുള്ളത്. അത്തരത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും 80 ശതമാനത്തോളം ആളുകള്‍ക്കും കോവിഡ് വന്നുപോയിട്ടുണ്ട്. അതിനാല്‍ അവിടങ്ങളില്‍ മഹാമാരി ഒഴിഞ്ഞുപോകുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പത്തുലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തില്‍ കെട്ടിക്കിടക്കുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞദിവസം സംസ്ഥാനത്ത് അഞ്ചുലക്ഷം ഡോസ് വാക്‌സിന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് വാക്‌സിന്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്. അതാണ് വസ്തുത. ഏറ്റവും മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം എന്ന കാര്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.

content highlights: pk kunhalikutty criticises government over covid 19 prevention and management