വേങ്ങര:വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ലീഗിനുണ്ടായത് വമ്പന്‍ ജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിലും ഇതുവരെ ഇത്രയും വലിയ ഭൂരിപക്ഷം നേടിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. 

വേങ്ങരയില്‍ ലീഗിനെ ഇല്ലാതാക്കാന്‍ സോളാര്‍ എന്ന അവസാനത്തെ ബോംബും എല്‍ഡിഎഫ് പ്രയോഗിച്ചു. എന്നിട്ടും നിലം തൊടാനായില്ല. ഇതിലും നല്ല മറുപടി ഇനി എല്‍ഡിഎഫിന് കൊടുക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ പറഞ്ഞു. 

'പണവും അധികാരവും  ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളുമായാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചരണത്തിനായി ഏത് നേതാവിനെയാണ് വേങ്ങരയില്‍ ഇനി എത്താനുള്ളത്. അവിടെയാണ് ഞങ്ങള്‍ 23000ല്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ചിരിക്കുന്നത്. ഒരു നിലയ്ക്കും യുഡിഎഫിനേയും ലീഗിനേയും എല്‍ഡിഎഫിന് തോല്‍പ്പിക്കാന്‍ പറ്റില്ലെന്നാണ് ഈ വിജയം സൂചിപ്പിക്കുന്നതെന്നും' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സോളാര്‍ കേസ് കൊണ്ടുവന്നാലും യു ഡി എഫിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വേങ്ങര തെളിയിച്ചു. താന്‍ വിജയിച്ചപ്പോള്‍ പോലും എസ് ഡി പി ഐ 9000 വോട്ട് നേടിയെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി നേടിയതിനേക്കാള്‍ 14747 വോട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇടത് മുന്നണി വേങ്ങരയില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്.