മലപ്പുറം: പാലാരിവട്ടം പാലം അഴിമതി കേസിലെ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷ കണ്‍വീനര്‍ നേരത്തെ പറഞ്ഞ, ലിസ്റ്റ് തയ്യാറാക്കി രാഷ്ട്രീയമായി കേസ് എടുക്കുന്ന നടപടിയാണിത്. മുന്‍കൂട്ടി പ്രഖ്യാപിച്ച് നമ്പര്‍ ഇട്ട് ചെയ്യുകയാണ്. അറസ്റ്റ് അനവസരത്തിലാണെന്നു പറയാന്‍ കാരണം അന്വേഷണം കഴിഞ്ഞ് കാലം കുറേ ആയതിനാലാണ് എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സി.ആര്‍.പി.സിയിലെ വകുപ്പുകള്‍ നോക്കി നോട്ടീസ് കൊടുത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് ആവശ്യമില്ലെന്ന് കണ്ട കേസാണിത്. അന്വേഷണം നടന്ന് കാലം കുറേ കഴിഞ്ഞതിനു ശേഷം ഇപ്പോള്‍ അവര്‍ക്ക് ആവശ്യം വന്നു. സ്വര്‍ണക്കടത്തും മറ്റ് ഗൗരവതരമായ കേസുകളും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വന്നപ്പോള്‍ അതിനെ ബാലന്‍സ് ചെയ്യാന്‍ വേണ്ടി പാലാരിവട്ടം കേസ് കൊണ്ടുവന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏത് കേസിലും അറസ്റ്റ് ചെയ്യേണ്ട ഒരു ഘട്ടമുണ്ട്. അങ്ങനെ അറസ്റ്റ് ചെയ്യേണ്ട ഒരു ഘട്ടത്തില്‍ അറസ്റ്റ് വേണ്ടെന്നുവെച്ച കേസാണ് ഇത്. ഈ കേസില്‍ ഇപ്പോള്‍ നടന്ന അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. തിരുവനന്തപുരത്ത് രണ്ടു മൂന്നു ദിവസമായി യോഗം ചേര്‍ന്ന് എങ്ങനെയാണ് അറസ്റ്റ് ചെയ്യാന്‍ പറ്റുക എന്ന് ആലോചിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

content highlights: pk kunhalikkutty on former minister vk ebrahimkunju's arrest