കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകൻ മൻസൂർ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലീഗുകാര്‍ ഈ ദിവസം ഓര്‍ത്തുവെക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതി പോസ്റ്റ് ഇട്ടിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് ഉറപ്പാണ്. പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും അനുവദിച്ചില്ല. രക്തം വാര്‍ന്നാണ് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചത്. 
 
സിപിഎമ്മും അവരുടെ പ്രവര്‍ത്തകരും ചേര്‍ത്ത് നടത്തുന്ന നിരന്തര കൊലപാതകങ്ങളിലൊന്നായി ഇതും മാറിയെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകനു നേരെ ആക്രമണമുണ്ടായത്.  ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷമാണ് മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരന്‍ മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള സി.പി.എം. പ്രവര്‍ത്തകന്‍ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാള്‍ വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Content Highlights: PK Kunhalikkutty Muslim league worker hacked to death in Kannur Panoor