തിരുവനന്തപുരം : സ്വർണക്കടത്ത് ചർച്ച ചെയ്യുമ്പോൾ ഖുറാന്റെ പേര് പറഞ്ഞ് സി.പി.എം തടയൂരാൻ ശ്രമിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ആരോപണവിധേയനായ മന്ത്രി രാജിവെക്കണമെന്ന് പറയുമ്പോൾ അടിച്ചൊതുക്കുന്നതും മതപരമായ വികാരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും ശരിയായ നടപടിയല്ല. ഞങ്ങൾ എന്തായാലും ആ കെണിയിൽ വീഴാൻ പോണില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

"ഖുറാന്റെ പേരിൽ തടയൂരാൻ സി.പി.എം ശ്രമിക്കേണ്ട. കേരളീയർ മണ്ടന്മാരൊന്നുമല്ല. ഇതൊരു വെള്ളരിക്കപ്പട്ടണവുമല്ല. ജനങ്ങൾക്ക് കാര്യങ്ങളെല്ലാം മനസ്സിലാവും. അതെങ്കിലും തിരിച്ചറിയാൻ ഇടതുമുന്നണി നേതാക്കൾക്ക് കഴിയണം. ബി.ജെ.പിക്ക് മുതലെടുക്കാൻ അവസരമുണ്ടാക്കുകയാണ് സി.പി.എം ചെയ്യുന്നത്. ആവശ്യമില്ലാതെ പലതരം കാര്യങ്ങൾ കൊണ്ടുവന്ന് അത് ചർച്ചയാക്കി തടിയൂരാൻ നോക്കുകയാണ്. ബിജെപിയെ വലുതാക്കാൻ വേണ്ടി നോക്കുന്നത് ഇടതുമുന്നണിയാണ്. എന്നാൽ ഞങ്ങൾ കേരളത്തിലായാലും പാർലമെന്റിലായാലും ബിജെപിക്കെതിരെയുളള നയമാണ് സ്വീകരിക്കുന്നത്.

അവസാനം നടന്ന തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.ജെ.പിയെ തറപറ്റിച്ചത് ഞങ്ങളാണ്. ഡൽഹി കലാപത്തിൽ യെച്ചൂരിക്കെതിരെ പോലും കേസെടുത്തത് ഞങ്ങൾ എതിർത്തിരുന്നു. ഇന്ത്യയിൽ എതിർക്കേണ്ടത് ബി.ജെ.പിയെ ആണ്. എന്നാൽ കേരളത്തിൽ മുഖ്യശത്രു ബി.ജെ.പി ആണെന്നാണ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ പറയുന്നത്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫുമേ ഉള്ളൂ ബിജെപി ഒന്നും അല്ല. ഇനിയും ഒന്നുമുണ്ടാവില്ല.

ഖുറാൻ വിതരണം ചെയ്യാനോ കൊണ്ടുപോവാനോ യാതൊരു തടസ്സവുമില്ല. എന്നാൽ സ്വർണക്കടത്ത് ചർച്ച ചെയ്യുമ്പോൾ അതിന്റെ കൂടെ ഖുറാന്റെ കാര്യം പറഞ്ഞ് രംഗം വഷളാക്കേണ്ട എന്നാണ് ഞങ്ങളുടെ നിലപാട്. യഥാർഥ വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം മാത്രമാണ് ഇത്. സ്വർണക്കടത്താണ് ഇവിടെ പ്രശ്നം. എന്നാൽ പല വിഷയങ്ങൾ ചർച്ച ചെയ്ത് തടിയൂരാനുള്ള മെയ് വഴക്കമാണ് ഇപ്പോൾ സി.പി.എം നടത്തുന്നത്". ആരോപണങ്ങൾക്ക് മന്ത്രിമാർ നേരെചൊവ്വേ മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlights: PK Kunhalikkutty MP Slams CPIM over Gold Smuggling case allegations against CPIM leaders