മലപ്പുറം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. 

കേരളത്തിന്റെ ഭരണസംവിധാനത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കുന്ന വിഷയമാണ് സ്വര്‍ണക്കള്ളക്കടത്ത്. ഇതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതുവരെ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ഇത് ദുരൂഹമാണ്. ഇത് ഈ കേസിന്റെ ഗൗരവും വര്‍ധിപ്പിക്കുന്നു. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന പ്രതിപക്ഷ ആവശ്യത്തിന് ശക്തിപകരുന്നതാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിക്കുന്ന നടപടി. 

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന് വ്യക്തം. ഇവര്‍ക്കൊക്കെയും കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഏത് സാഹചര്യത്തിലാണെങ്കിലും സ്വര്‍ണക്കള്ളക്കടത്തിന് സൗകര്യം കിട്ടിയത് ഉന്നതബന്ധങ്ങളിലൂടെയാണ്. 

കോവിഡ് കേസുകള്‍ കൂടി വരുന്ന സമയമാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നേണ്ട സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ കുടുങ്ങി ദുര്‍ബലമായിപ്പോവുകയാണ്. സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥരാണെന്നും  മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Content Highlights: PK Kunhalikkutty against CM Pinarayi Vijayan over Gold smuggling row